തെരുവുനായശല്യം; പുറത്തിറങ്ങാൻ പേടിച്ചു പ്രദേശവാസികൾ
കള്ളിക്കാട്:മലയോരമേഖലയും വിനോദ സഞ്ചാര മേഖലയും ഒക്കെയായ കളിക്കാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളെ കൊണ്ടുള്ള ശല്യം അതി രൂക്ഷമായിരിക്കുന്നത് .കഴിഞ്ഞ ദിവസം ശിവാന്ദ ആശ്രമത്തിലെ സുരക്ഷാ ജീവനക്കാരനെയും മറ്റൊരു ജീവനക്കാരിയെയും കടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.ഇതിനും ആഴ്ചകൾക്ക് മുൻപാണ് മങ്കാരമുട്ടത്ത് പിഞ്ചു കുഞ്ഞിന്റെയും വൃദ്ധ മാതാവിന്റെയും മുഖത്തു തെരുവ് നായകൾ കടിച്ചു അതി ഗുരുതര പരിക്കേറ്റ് ഇവർ ചികിത്സ തേടിയത്.മലവിള പ്രദേശത്തു വളർത്തു മൃഗങ്ങൾക്കാണ് കടിയേറ്റത്.മാൻ പാർക്കിലെ മാനുകളെ ആക്രമിച്ച സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രങ്ങളായ മരക്കുന്നം മാൻ പാർക്ക്, മണിമേടക്ക് സമീപം,ബോട്ട് ഹബ്ബ് എന്നിവക്ക് സമീപവും ഒക്കെ തെരുവ് നായ്ക്കൾ യഥേഷ്ടം വിഹരിക്കുന്നു.
രാത്രിയും പകലും ഇവരുടെ കടിയേറ്റ് ചികിത്സയിലുള്ളത് പിഞ്ചു കുട്ടികൾ മുതൽ വയോധികർ വരെയാണ്..ഭീതിയോടെയല്ലാതെ പുറത്തിറങ്ങാൽ കഴിയാത്ത സാഹചര്യമാണ് ഇവിടുത്തുകാർക്കുഎന്നിവർ സങ്കടം പറയുന്നു.അക്രമിക്കാനൊരുങ്ങുന്ന തെരുവ് നായ്ക്കളെ തുരത്തി ഓടിച്ചു അവയ്ക്കെന്തെങ്കിലും പറ്റുകയോ ഏതെങ്കിലും സാഹചര്യത്തിൽ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചാൽ ഉണ്ടാകാവുന്ന നൂലാമാലകൾ ഓർത്തുമൊക്കെ നായ്ക്കൾ വഴിമാറുന്നതും കാത്തു നിൽക്കേണ്ട അവസ്ഥയാണ്. ഒറ്റക്കും സംഘം ചേർന്നും എത്തുന്ന നായ്ക്കൾ വാഹനയാത്രികരുടെ പുറകെ ഓടി ഉണ്ടാകുന്ന അപകടങ്ങളും പതിവാണ്.
പഞ്ചായത്തിൽ ഉള്ള തെരുവുനായ്ക്കളെ കൂടാതെ നഗരങ്ങളിൽ നിന്നും പിടിക്കുന്ന നായ്ക്കളെ വന്ധീകരിച്ച് അതെ സ്ഥലങ്ങളിൽ ഇറക്കി വിടാതെ നെട്ടു കാൽത്തേരി ഓപ്പൺ ജയിൽ ഭാഗത്ത് രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടു വിടുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.ഇതിനു കാരണമായി പറയുന്നത് വന്ധ്യകരണം നടത്തിയിട്ടും ആഴ്ചകൾ തോറും നായ്ക്കളുടെ വർദ്ധനവ് ഉണ്ടാകുന്നു എന്നതാണ്.നായകടിയേറ്റു പരിക്ക് പറ്റിയും, നായ കുറുകെ ചാടി അപകടമുണ്ടായി പരിക്കുപറ്റിയവരും, വാഹനത്തിനു തകരാർ സംഭവിച്ചവരും അനവധിപേരാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ജോലിയും വരുമാനവും പ്രതിസന്ധിയിലായവർക്ക് നായ ശല്യം കാരണം ഉണ്ടാകുന്ന ബാധ്യതയും ചെറുതല്ല.സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുകയും സർക്കാർ വനഭൂമികളിൽ പ്രത്യേക കൂടൊരുക്കി നായ്ക്കളെ സന്തന്ത്ര ആവാസ വ്യവസ്ഥ അനുസരിച്ചു പാർപ്പിക്കാൻ നടപടി ഉണ്ടാകണം എന്ന ആവശ്യവും ഉയരുന്നു.