റോഡ് വികസനം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്,മുഹമ്മദ് റിയാസ്
.ഐ ബി സതീഷ് എം എൽ എയുടെ സബ്മിഷന് മറുപടിയായി ആണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം നിയമസഭയിൽ പറഞ്ഞത് .
റോഡ് വികസനം ചർച്ചചെയ്യാൻ പ്രത്യേക യോഗം പരിഗണനയിൽ എന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു.കാട്ടാക്കട എം എൽ എ ഐ ബി സതീഷിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണ് കരമന-വെള്ളറട റോഡ്. സംസ്ഥാന വികസന പദ്ധതിയിലെ അപ്ഗ്രഡേഷൻ പാക്കേജില്‍ ഉൾപ്പെടുത്തിയാണ് ഈ റോഡ് വികസിപ്പിക്കാൻ 2016-ല്‍ തീരുമാനിച്ചത്. ഇതനുസരിച്ച് റോഡിനുവേണ്ടി 8.375 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാൻ 21.448 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിരുന്നു.
എസ്റ്റാബ്ലിഷ്മെന്റ് ചാർജിനും കണ്ടിജൻസി ചാർജിനുമായി സർക്കാർ അനുവദിച്ച 7.507 കോടിയിൽ നിന്നും 1.0724 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി റിക്ക് ലിമിറ്റഡ് പൂർത്തീകരിച്ചു. ആദ്യത്തെ 20 കിലോമീറ്ററിന്റെ 11(1) നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പിൽ നിന്നും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 20 കിലോമീറ്റർ മുതൽ 35 കിലോമീറ്റർ വരെ സാമൂഹ്യ ആഘാത പഠനം പൂർത്തീകരിച്ചിട്ടുണ്ട്. ഈ റീച്ചിന്റെ 11(1) നോട്ടിഫിക്കേഷൻ റവന്യു വകുപ്പ് പ്രസിദ്ധീകരിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഡിസൈൻ വിഭാഗം ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്.
225.3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഡി.പി.ആർ സർക്കാർ പരിശോധിച്ചുവരികയാണ്. വിദ്യാഭ്യാസ മന്ത്രി .വി.ശിവന്‍കുട്ടിയും, ഐ.ബി.സതീഷ് എം എൽ എ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഈ റോഡിന്റെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു .