മുത്തശ്ശിയുടെ ശവസംസ്ക്കാരം ചെറുമകൻ തടഞ്ഞുആർഡിഒയുടെ ഇടപെടൽ, രണ്ടാംനാൾ സംസ്ക്കരിച്ചു
വിളപ്പിൽ ശാല : മുത്തശ്ശിയുടെ ശവസംസ്ക്കാരം ചെറുമകൻ തടഞ്ഞു. ഒടുവിൽ രണ്ടാംനാൾ ആർഡിഒ ഇടപെട്ട് മൃതദേഹം സംസ്ക്കരിച്ചു. വിളപ്പിൽശാല മുളയറ നെടുങ്കുഴിയിലാണ് സംഭവം.
മുള്ളറ ക്രൈസ്റ്റ് വില്ലയിൽ പത്മാക്ഷി (78) ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് മകൾ അജിതകുമാരിയുടെ വലിയവിളയിലെ വസതിയിൽ മരിച്ചത്. പക്ഷാഘാതം ബാധിച്ച് കിടപ്പിലായ പത്മാക്ഷി പത്തു വർഷമായി മകളുടെ പരിചരണത്തിലായിരുന്നു. ഇവരുടെ ഭർത്താവ് ബാലയ്യൻ നാടാർ 20 വർഷം മുമ്പ് മരിച്ചിരുന്നു. നെടുങ്കുഴിയിൽ ഭർത്താവിനെ അടക്കം ചെയ്തിട്ടുള്ള സ്വന്തം ഭൂമിയിൽ തന്നെയും അടക്കണമെന്നതായിരുന്നു പത്മാക്ഷിയുടെ അന്ത്യാഭിലാഷം. ഇതനുസരിച്ച് മകളും ബന്ധുക്കളും ചേർന്ന് പത്മാക്ഷിയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ട് 5ന് നെടുങ്കുഴിയിൽ എത്തിച്ചെങ്കിലും വൃദ്ധയുടെ കൊച്ചുമകൻ അലക്സ് സംസ്ക്കരിക്കാൻ അനുവദിച്ചില്ല. തുടർന്ന് രാത്രി എട്ട് മണിയോടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അജിതകുമാരിയും ബന്ധുക്കളും മൃതദേഹം സംസ്ക്കരിക്കാൻ ഇന്നലെ ജില്ലാ ഭരണകൂടത്തിൻ്റെ സഹായം തേടി. തുടർന്ന് നെടുമങ്ങാട് ആർഡിഒ അഹമ്മദ് കബീർ സ്ഥലത്തെത്തി. എന്നാൽ മുത്തശ്ശിയെ ഇവിടെ അടക്കാൻ സമ്മതിക്കില്ലെന്ന നിലപാടിൽ അലക്സ് ഉറച്ചുനിന്നു. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കി. ഇതോടെ ആർഡിഒയുടെ നിർദ്ദേശപ്രകാരം വിളപ്പിൽശാല സി ഐ അനിൽ കരീം അലക്സിനെ സംഭവ സ്ഥലത്തു നിന്ന് വിളപ്പിൽ പഞ്ചായത്ത് ഹാളിലേക്ക് നീക്കി.
ആർഡിഒയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് ലില്ലി മോഹൻ, വൈസ് പ്രസിഡൻ്റ് ഡി. ഷാജി, കാട്ടാക്കട തഹസിൽദാർ സജി.എസ് കുമാർ, വില്ലേജ് ഓഫീസർ ഷാജി എന്നിവർ അലക്സുമായി സമവായ ചർച്ച നടത്തി. രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ അലക്സ് വഴങ്ങി. രാത്രി എട്ട് മണിയോടെ പത്മാക്ഷിയുടെ മൃതദേഹം ആചാരപ്രകാരം സംസ്ക്കരിച്ചു.
അശോക് കുമാർ, സതീഷ് കുമാർ, സുരേഷ് കുമാർ എന്നീ പത്മാക്ഷിയുടെ മൂന്ന് ആൺമക്കളും നേരത്തേ മരിച്ചിരുന്നു. ഇവരിൽ സുരേഷിൻ്റെ മകനാണ് അലക്സ്. മക്കൾക്കെല്ലാം ഓരോ ഏക്കർ വീതം കുടുംബ ഓഹരി നൽകിയ ശേഷം പത്മാക്ഷിയുടെ പേരിൽ ശേഷിക്കുന്ന ഒമ്പത് സെൻ്റ് ഭൂമിയാണ് നെടുങ്കുഴിയിലുള്ളത്. ഈ വസ്തു തൻ്റെ പേരിൽ എഴുതി നൽകണമെന്നതായിരുന്നു അലക്സിൻ്റെ ആവശ്യം.
മറ്റ് ബന്ധുക്കൾ ഇതിന് സമ്മതം നൽകിയാലെ ശവസംസ്ക്കാരം നടത്താൻ അനുവദിക്കു എന്നതായിരുന്നു അലക്സിൻ്റെ നിലപാട്. ഈ തർക്കം പിന്നിട് പരിഹരിക്കാമെന്ന ആർഡിഒയുടെ ഉറപ്പിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.