26 ലക്ഷം തട്ടിയെടുത്ത് പ്രവാസിയേയും സുഹൃത്തിനെയും മർദിച്ചു. പത്തോളം പേർ പ്രതികൾ
ആര്യനാട്:വസ്തു ഇടപാടിനെന്നു പറഞ്ഞു പ്രവാസിയായ മദ്ധ്യവസ്‌ക്കനെ വിളിച്ചു വരുത്തി ഇരുപത്തി ആറേകാൽ ലക്ഷം രൂപ അപഹരിച്ചു.തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബിന് സമീപം താമസിക്കുന്ന ജെ.സുധീർ ജനാർദ്ദനനും സുഹൃത്തിനെയുമാണ് വ്യഴാഴ്ച ആക്രമിച്ച് പണം കവർന്നത്. പ്രതികളെന്നു സംശയിക്കുന്ന സ്ത്രീ ഉൾപ്പടെ ചിലരെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കിഎന്നാണ് സൂചന .വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാൽ മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
വസ്തു കൈമാറ്റ ഇടപാടിനെന്ന് പറഞ്ഞു മധ്യവയസ്ക്കനും പ്രവാസിയുമായ സുധീർ ജനാർദ്ദനനെ സംഘം ആളില്ലാത്ത വീട്ടിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ഇരുപതു ലക്ഷവും കരാർ രേഖകളും അടങ്ങുന്ന ബാഗും അപഹരിക്കുകയും ചെയ്തു എന്നാണ് ആര്യനാട് പോലീസിൽ പരാതി ഉള്ളത്.
നെടുമങ്ങാട് വാളിക്കോടിൽ ഒരേക്കർ എൺപതു സെന്റ് സ്ഥലം ഒരു കോടി നാല്പത്തി ആറ് ലക്ഷത്തിനു സുധീറിൻറെ പേരിൽ വാങ്ങാനും വഴുതക്കാടുള്ള സുധീറിന്റെ അഞ്ചു സെന്റ് വസ്തുവും വീടും ഒരു കോടി ഇരുപതുലക്ഷത്തിനു വാളിക്കോടുള്ള ഉടമക്ക് നൽകാനും ആണ് പരസ്പരം കരാർ ഉണ്ടാക്കിയതെന്ന് പറയുന്നു . ഈ ഇടപാടിൽ ആറേകാൽ ലക്ഷം ദിവസങ്ങൾക്കു മുൻപ് സുധീർ കൈമാറുകയും ചെയ്തു.ബാക്കി തുകയായ ഇരുപതു ലക്ഷം കൊടുത്തു ഇടപാട് നടത്തുന്നതിനാണ് സുധീറിനെ സംഘവും നെടുമങ്ങാട് വസ്തു രജിസ്ട്രഷനായി വരാൻ പറഞ്ഞത്.
വാളിക്കോടുള്ള വസ്തു ഉടമ കണ്ടല സ്വദേശിയായ അനൂപ് എന്ന് ധരിപ്പിപ്പിക്കുകയും അനൂപിന്റെ മാനേജർ എന്ന് സുനിൽ കുമാറിനെയും പരിചയപ്പെടുത്തിയാണ് ഇടപാടുകൾ ഉറപ്പിച്ചിരുന്നത്.
ഇവരുടെ ആവശ്യപ്രകാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നേകാലോടെ സുധീറും സുഹൃത്ത് ഷിജുവുമായി നെടുമങ്ങാട് എത്തുകയും അനൂപും, സുനിൽ കുമാറും ഇവരെ ഇടപാടിനായി ഉഴമലയ്ക്കൽ പുളിമൂടുള്ള ആളില്ലാത്ത വീട്ടിൽ എത്താൻ നിർദേശിക്കുകയും ചെയ്തു. തുടർന്നു ഇവിടെയെത്തിയ സുധീറിനെയും സുഹൃത്തിനെയും അനൂപും സുനിൽകുമാറും ചേർന്ന് വീട്ടിനുള്ളിൽ എത്തിച്ചു. ഇതോടെ ഒരു മരുതിക്കാറിലും ആറു ബൈക്കുകളിലുമായി പത്തോളം പേർ ഇവിടേക്ക് എത്തുകയും സുധീറിന്റെ കഴുത്തിൽ മഴു വച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു സുഹൃത്തിനെയും മർദിച്ചു ശേഷം സംഘം പണവുമായി കടന്നു എന്നാണു പരാതി.
സംഭവ ശേഷം സുധീറും സുഹൃത്തും ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു .ആര്യനാട് ഇൻസ്പെകട്ർ ജോസിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം നടത്തി സംഘത്തിലെതെന്നു സംശയിക്കുന്ന അഞ്ചോളം പേരെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു എന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ഇവരിലൂടെ കൂടുതൽ അന്വേഷണം നടത്തിയാലേ കാര്യങ്ങൾക്ക് വ്യക്തയുണ്ടാകൂയെന്ന് ആര്യനാട് ഇൻസ്പെക്ടർ ജോസ് അറിയിച്ചു.കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്തും രാത്രിയോടെ സ്ഥലത്തെത്തി സംഭവത്തെപ്പറ്റി അന്വേഷണം നടത്തി വരുന്നു.