20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ആര്യനാട്:വസ്തു ഇടപാടിനായി കൊണ്ട് വന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ഏഴാം പ്രതി ഉഴമലയ്ക്കൽ കുളപ്പട മണ്ണാംകോണം ടി.എസ്.ഭവൻ മൈലമൂട് വിട്ടിൽ കിച്ചൻ എന്നു വിളിക്കുന്ന ഷിജിൻ(23)ആണ് അറസ്റ്റിലായത്.ഇതോടെ ഈ കേസ്സിൽ അറസ്റ്റിൽ ആയവരുടെ എണ്ണംനാലായി.രണ്ടാഴ്ച മുൻപ് വസ്തു കച്ചവടത്തിന് എന്ന വ്യാജേന വിളിച്ച് വരുത്തിയ വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽ നിന്നും എട്ടോളം പേർ അടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തതാണ് സംഭവം.നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വിൽപനയ്ക്കുണ്ടെന്ന വ്യാജേനയാണ് സുധീർ ജനാർദ്ദനനെയും ഇടനിലക്കാരനായ ഷിജു ഗോപനെയും ഉഴമലയ്ക്കൽ പുളിമൂട്ടിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി ഇവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവർന്ന് രക്ഷപ്പെട്ടു.
ആര്യനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയ്ക്കകം കല്ലുപാലം സ്വദേശിയായ അനിൽ കുമാറിന്റെ മകൻ അഖിൽജിത്തിനെയും, പുളിമൂട് സ്വദേശിയായ മായയുടെ മകൾ ശ്രുതിയെയും,പുളിമൂട് സ്വദേശിയായ മണിലാലിന്റെ മകൻ ശ്രീലാലിനെയും അറസ്റ്റ് ചെയ്തിരുന്നു.ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചും ടവർ ലോക്കഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജിൻ അറസ്റ്റിലായത്.
കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തിൽ ആര്യനാട് ഇൻസ്പെക്ടർ ജോസും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.