September 9, 2024

കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ ഏകദിന ശില്പശാല

Share Now

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി ഒപ്പം, ജൈവസമൃദ്ധി, കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (KIDC), കാർബൺ ന്യൂട്രൽ കാട്ടാക്കട എന്നീ പദ്ധതികളുടെ അവലോകനവും വരും വർഷങ്ങളിൽ ഈ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കു ന്നതിനെക്കുറിച്ചു കൂടിയാലോചിക്കുന്നതിനുമായി മണ്ഡലത്തിലെ ത്രിതല ജനപ്രതിനിധികളുടെയും വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഒരു ഏകദിന ശില്പശാല  തിരുവനന്തപുരം വെള്ളയമ്പലത്തുള്ള പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി  എം.വി.ഗോവിന്ദൻ മാസ്റ്റർ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി
 നവീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആശയങ്ങൾ  രൂപീകരിക്കാൻ ആവശ്യമായ നിർദേശങ്ങൾ ഉയർന്നു വരണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അധ്വാനിക്കാനുള്ള ശേഷി നിലനിർത്താൻ ഉള്ള സാധന സാമഗ്രികളുടെ വിലയാണ് കൂലി എന്നും ഞാനും നീയും കൂടിയാണ് വീട് നയിക്കുന്നത് എന്നൊരു തീരുമാനം ഏറ്റെടുക്കാൻ കഴിയണമെന്നും മന്ത്രി കൂട്ടിചേർത്തു. കാട്ടാക്കട മണ്ഡലം എംഎൽഎ ഐ.ബി.സതീഷ്  അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതമാശംസിച്ചു. ശാസ്ത്രീയ മാലിന്യ സംസ്കരണത്തെ അടിസ്ഥാനമാക്കി ശുചിത്വമിഷൻ  ടെക്നിക്കൽ കൺസൾട്ടന്റ് ഭരത്, ജലസമൃദ്ധി – കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതികളെക്കുറിച്ച് ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദീൻ, ഒപ്പം പദ്ധതിയെക്കുറിച്ച് കില റിസർച്ച് അസോസിയേറ്റ് ഡോ. കെ.പി.എൻ.അമൃത, കൂട്ട് പദ്ധതിയെക്കുറിച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നെയ്യാറ്റിൻകര സർക്കിൾ  എ.പി.ഷാജഹാൻ, കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കൗൺസിലിനെ സംബന്ധിച്ച് പദ്ധതിയുടെ കോഡിനേറ്റർ ആയ സി.എസ് നിധിൻ ചന്ദ്രൻ, സൗര പദ്ധതിയെക്കുറിച്ച് കെഎസ്ഇബി സൗര പ്രോജക്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.നൗഷാദ് എന്നിവർ വിഷയ അവതരണങ്ങൾ നടത്തുകയുണ്ടായി. മണ്ഡലത്തിലെ മുഴുവൻ വാർഡുകളെയും ഉൾപ്പെടുത്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, മാറനല്ലൂർ പ്രസിഡന്റ് എ.സുരേഷ് കുമാർ, മലയിൻകീഴ് പ്രസിഡന്റ് എ. വത്സലകുമാരി, പള്ളിച്ചൽ പ്രസിഡന്റ് റ്റി.മല്ലിക, വിളപ്പിൽ പ്രസിഡന്റ് ലില്ലി മോഹൻ എന്നിവർ ഗ്രൂപ്പ് ചർച്ചയുടെ ക്രോഡീകരിച്ചുള്ള അവതരണം നടത്തി. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ തുടർന്നുള്ള നിർവ്വഹണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത ചർച്ചയും സംഘടിപ്പിച്ചു. ശില്പശാലയിലെ ചർച്ചകളിലൂടെ ഉയർന്ന് വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് തുടർ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പദ്ധതി രേഖ തയ്യാറാക്കുമെന്നും അതിന്റെയടിസ്ഥാനത്തിലാകും തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നും ഐ.ബി.സതീഷ് എം.എൽ. എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വില വർധനവിനെതിരെ    പ്രതിഷേധകൂട്ടായ്മ
Next post നിരോധിത മത്സ്യം വളർത്തൽ ഫിഷറീസ് വകുപ്പ്  റെയ്ഡ് ചെയ്തു നശിപ്പിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.