ക്ഷേത്ര കവർച്ചയ്ക്ക് അറുതിയില്ല. കാട്ടാക്കട താലൂക്കിൽ വീണ്ടും ക്ഷേത്രം കുത്തി തുറന്നു കവർച്ച ജനങ്ങൾ ഭീതിയിൽ.
മാറനല്ലൂർ: കാട്ടാക്കട താലൂക്കിൽ ക്ഷേത്ര കവർച്ചയ്ക്ക് അറുതിയില്ല. രണ്ടായിഴ്ചക്കിടെ ആറോളം ക്ഷേത്രത്തിൽ ആണ് കവർച്ച നടന്നത്.ചിലയിടത്തു മോഷണ ശ്രമങ്ങളും അരങ്ങേറി.
മാറനല്ലൂർ അരുവിക്കര ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയോടെ ആണ് മോഷണം.
ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്ട്ടാക്കൾ സുരക്ഷാ ക്യാമറകൾ തകർക്കുകയും 25000ൽ അധികം രൂപ നാലു കാണിക്ക വഞ്ചികളിൽ നിന്നായി കവരുകയും ചെയ്തു.ക്യാമറ തകർത്തത് ഉൾപ്പടെ ആകെ നാല്പത്തിനായിരത്തിൽ അധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നു ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും സി സി ടിവിയിൽ പതിഞ്ഞ കള്ളന്റെ ദൃശ്യങ്ങൾ പകർത്തി പരിശോധനയ്ക്കായി കൊണ്ട് പോകുകയും ചെയ്തു.
ഞായറാഴ്ച രാവിലെ നാലരയോടെ ക്ഷേത്രം ജീവനക്കാരൻ ഉണ്ണികൃഷ്ണൻ പതിവ് പോലെ തുറന്നു ക്ഷേത്ര പരിസരത്തു വെളിച്ചം തെളിച്ചപ്പോൾ ആണ് ക്ഷേത്ര നടയുടെയും, ഓഫീസ്, സ്റ്റോർ എന്നിവയുടെയും വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടത്.ഇതോടെ ഉണ്ണികൃഷ്ണൻ ട്രസ്റ്റ് അംഗങ്ങളെ വിവരം അറിയിച്ചു.ഇവർ ഉടൻ പോലീസിലും വിവരം നൽകി.തുടർന്ന് നടന്ന പരിശോധനയിൽ ആണ് കവർച്ച സ്ഥിരീകരിച്ചത്.
കർക്കിട വാവുബലിക്ക് പ്രശസ്തി നേടിയ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പൂർണ്ണ പുഷ്‌ക്കല സമേതനായ ശ്രീധർമ്മ ശാസ്താ നട,ശിവ പാർവതി ദേവി നട, ഗണപതി നട എന്നിവിടങ്ങളിലുള്ള കാണിക്ക വഞ്ചിയാണ് പൂട്ടു പൊളിച്ചും കുത്തി തുറന്നും കവർച്ച നടത്തിയത്. സുബ്രഹ്മണ്യൻ സ്വാമി നട തുറന്നു കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഓഫീസ് മുറിയിൽ കയറി അലമാര കുത്തി തുറന്നു സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു.സ്റ്റോർ മുറിയിൽ കയറിയെങ്കിലും ഇവിടെയും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.അതേ സമയം സ്റ്റോർ മുറിയുടെ വാതിലിനു മുകളിലായി സ്ഥാപിച്ചിരുന്ന
ക്യാമറകളുടെ ദിശ തിരിച്ചു വച്ച നിലയിലായിരുന്നു.മഹാവിഷ്ണു ശ്രീകോവിലിന്റെ വലതു വശത്തെ ബലിമണ്ഡപത്തിൽ ക്ഷേത്രത്തിലേക്ക് തിരിച്ചു വച്ചിരുന്ന ക്യാമറ കള്ളൻ തകർത്ത നിലയിൽ ആയിരുന്നു.
കാണിക്ക വഞ്ചികളിൽ ഉണ്ടായിരുന്ന നോട്ടുകളാണ് കള്ളൻ കൊണ്ട് പോയത്.നാണയങ്ങൾ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. രണ്ടു മാസത്തോളം ഉള്ള നിക്ഷേപം കാണിക്കകളിൽ ഉണ്ടായിരുന്നു.ക്ഷേത്ര വളപ്പിൽ നിന്നും കള്ളന്റെ കൈവശം ഉണ്ടായിരുന്ന താക്കോൽ കൂട്ടം കണ്ടെത്തിയത് പോലീസ് തെളിവായി കൊണ്ടുപോയി.മാറനല്ലൂർ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവളശ്ശേരി മഹാദേവർ ക്ഷേത്രത്തിൽ ഓഫീസ് മുറി കുത്തി തുറന്നു 11500 രൂപ കള്ളൻ കൊണ്ടു പോയത്. ഇവിടെയും നാണയങ്ങൾ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു. ദേവിയുടെ നടയിൽ കള്ളൻ കയറി എങ്കിലും ഒന്നും നഷ്ടപെട്ടില്ല. ദിവസങ്ങൾക്ക് മുൻപാണ് മാറനല്ലൂർ കരിങ്കൽ ദേവി ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. മോഷണ ശ്രമങ്ങൾ അരങ്ങേറിയ ക്ഷേത്രങ്ങളും ഈ മേഖലയിൽ ഉണ്ട്.
ക്ഷേത്ര മോഷണങ്ങൾക്ക് പുറമെ മാല പിടിച്ചു പറി, വീടുകളും കടകളും കയറി ഉള്ള മോഷണവും അനവധിയാണ്. അടിക്കടിയുള്ള മോഷണം നാട്ടുകാരിൽ ഭീതി പരത്തിയിരിക്കുകയാണ്.രാത്രി കാല പോലീസ് പെട്രോളനിങ് കൂടുതൽ ഊര്ജിതപ്പെടുത്തണം എന്നാണ് സന്നദ്ധ സംഘടകളും റസിഡൻസ് അസോസിയേഷനുകളും ഉൾപ്പെടെ ഉയർത്തുന്ന ആവശ്യം.