സെക്രട്ടേറിയറ്റ് ജീവനക്കാരൻ മീന്മുട്ടിയിൽ പാറയിൽ നിന്നും വീണു മരിച്ചു
നെയ്യാർ ഡാം:നെയ്യാർ വൈൽഡ്ലൈഫ് സാങ്ച്വറി മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ സെക്രട്ടേറിയറ്റ് റവന്യു ജി സെഷൻ ഉദ്യോഗസ്ഥൻ പോത്തൻകോട് ശാന്തിഗിരി നേതാജിപുരം പഴിച്ചൻകോട് ഹൃദയ കുഞ്ജത്തിൽ ഹരികുമാർ കരുണാകരൻ ആണ് അപകടത്തിൽ മരിച്ചത്.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി സന്ദർശനത്തിനെത്തിയ ഹരികുമാർ ഫോട്ടോ എടുക്കുന്നതിനിടെയാണ് കാൽ വഴുതി പത്തടിയിലധികം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലക്കേറ്റ ഗുരുതര പരിക്കേറ്റതാണ് മരണം സംഭവിച്ചത് എന്നാണ് വിവരം.
ഹരികുമാർ താഴേക്ക് പതിച്ച ഉടനെ ഒപ്പം ഉണ്ടായിരുന്ന വനം വകുപ്പ് വാച്ചർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനം വകുപ്പ് ഡി എഫ് ഓ യുടെ സുഹൃത്തുക്കളായ അഞ്ചുപേർ കോട്ടൂർ വഴിയാണ് മീൻ മുട്ടിയിൽ എത്തിയത് .ഇവരിൽ ഒരാളാണ് അപകടത്തിൽപ്പെട്ടത്.വൈകുന്നേരത്തോടെ മീൻ മുട്ടിയിൽ നിന്നും മൃതദേഹം കോട്ടൂർ ഫോറെസ്റ് ഓഫീസിൽ എത്തിച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നെയ്യാർ ഡാം പോലീസിന്റെയും നേതൃത്വത്തിൽ തുടർ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആസ്പത്രയിലേക്ക് മാറ്റി.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ നിബന്ധനകളോടെ അനുവദിച്ചു തുടങ്ങി എങ്കിലും സാഹസിക വിനോദ സഞ്ചാരത്തിന് അനുമതി കൊടുത്തിരുന്നില്ല എന്നാണ് വിവരം. ഈ അവസരത്തിൽ മീന്മുട്ടിയിലേക്ക് സന്ദർശകരെ കടത്തി വിട്ടത് നിയമാനുസൃതമായി അല്ല എന്നാണ് വിവരം.