September 19, 2024

ജനകീയ നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞു

Share Now

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന ജനനായകൻ,സാധാരണക്കാരുടെ സാന്ത്വനവും പ്രതീക്ഷയുമായിരുന്ന ഉമ്മൻചാണ്ടി വിടപറഞ്ഞു.

തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ എല്ലാം പുഞ്ചിരിയോടെ നേരിട്ട ആ പുതുപ്പള്ളിക്കാരന്‍ . കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.

53വർഷം എംഎൽഎയും
രണ്ട് തവണ മുഖ്യമന്ത്രിയുമായിരുന്ന കേരളത്തിന്റെ മനുഷ്യസ്നേഹിയായിരുന്ന
ഉമ്മൻചാണ്ടി എന്ന കുഞ്ഞൂഞ്ഞ്
79 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.കാൻസർ ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു ഏറെ നാളായി.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.

1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് ഇനി ഡോ.പ്രേമൻ
Next post തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പ്.ഒടുവിൽ ആർ ആർ ടി എത്തി പിടികൂടി.

This article is owned by the Rajas Talkies and copying without permission is prohibited.