September 8, 2024

ഇന്ന് ദേശിയ പത്രപ്രവർത്തന ദിനം.

Share Now


ഇന്ന് ദേശീയ പത്രപ്രവർത്തന ദിനം. എല്ലാ വർഷവും നവംബർ 17 ന് ഇന്ത്യയിൽ ദേശീയ പത്രപ്രവർത്തന ദിനമായി ആഘോഷിക്കുന്നത്. രാജ്യത്ത് സ്വതന്ത്രവും പക്ഷപാതപരവുമായ മാധ്യമങ്ങളുടെ പ്രതീകമായി നവംബർ 16 ന് ദേശീയ മാധ്യമ ദിനമായി ആഘോഷിക്കും ഇതിനടുത്ത  ദിനമായ നവംബർ 17 മാധ്യമ പ്രവർത്തകരുടെ ദിനമാണ്. മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്നതിനായി ആണ് പത്രപ്രവർത്തന ദിനമായി രാജ്യത്ത് ആഘോഷിക്കപ്പെടുന്നത്.

ജനാധിപത്യ സംരക്ഷണത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. നിയമ നിര്‍മ്മാണം , നിയമ പരിപാലനം, ജുഡീഷ്യറി എന്നീ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകള്‍ക്കൊപ്പം ജനാധിപത്യം സംരക്ഷിക്കുന്നതിന് നാലാം തൂണായിയാണ് മാധ്യമങ്ങള്‍ നിലകൊള്ളുന്നത്.

എപ്പൊഴൊക്കെ ജനാധിപത്യ ധ്വംസനം നടക്കുന്നുവോ അപ്പോഴൊക്കെ മാധ്യമങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അവയെ ചെറുക്കുകയും ചെയ്യും. ഒരു സാമൂഹ്യപരിഷ്കര്‍ത്താവായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തില്‍ ഇടയ്ക്കിടെ കടന്നുവരാറുള്ള അപകടകരങ്ങളായ ചില സംഭവങ്ങളിലേക്കു പൊതുജനശ്രദ്ധ തിരിക്കുന്നതും അതു തടയാന്‍ സഹായിക്കുന്നതും ഒക്കെ മാധ്യമ ധർമ്മമാണ്.

പൗരന്മാർക്കിടയിൽ ഐക്യം, സമാധാനം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. സർക്കാരിനും പൗരന്മാർക്കും ഇടയിലുള്ള പാലമായാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത്.

ഇന്ത്യയിലെ മാധ്യമങ്ങളുടെയും പത്രപ്രവർത്തനങ്ങളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാരിനു മേൽ അധികാരമുള്ള ലോകത്തിലെ ഏക സ്ഥാപനമാണ് പ്രസ് കൗൺസിൽ.

പത്ര പ്രവർത്തകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അതിനായി പത്ര സ്ഥാപനങ്ങളുമായും സർക്കാരുമായും ബന്ധപ്പെട്ടു കാര്യങ്ങൾ അവതരിപ്പിച്ചു തീരുമാനം കൈക്കൊളാനും തൊഴിൽ മന്ത്രി ചെയർമാനായുള്ള പത്രപ്രവർത്തക വ്യവസായ ബന്ധ സമിയും സംസ്ഥാനതുണ്ട്.

ഇനി  ചരിത്രം

ഓരോ ഇടങ്ങളിലും സംഭവിക്കുന്ന സംഭവിക്കാവുന്ന പല കാര്യങ്ങളുടെയും ശേഖരണത്തിലൂടെയും ഇതിന്റെ പ്രസിദ്ധീകരണത്തിലൂടെയുമാണ് പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌ത് തുടങ്ങിയത്. ദൈവാരികയായിരുന്നു . ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌  ഇതു അറിയപ്പെട്ടു.

1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഈ കാലഘട്ടത്തിൽ ഈ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. 1800 ആയപ്പോഴേക്കും  നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു.

1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌.ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും,തത്വചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്ത്വചിന്തകൾ ഇന്നും തുടരുന്നു.

ഇന്ത്യയിൽ പത്രപ്രവർത്തനം

ബ്രിട്ടിഷ് ഇന്ത്യന്‍ ഭരണ സിരാകേന്ദ്രമായിരുന്ന കല്‍ക്കത്താപട്ടണമാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലം എന്നു അറിയപ്പെടുന്നത്. 1780 ജനുവരി 29ന് ഇന്ത്യയിലെ ആദ്യത്തെ പത്രമായ ‘ബംഗാൾ ഗസറ്റ് ’ എന്ന പ്രതിവാര ഇംഗ്ലീഷ് പത്രം ആരംഭിച്ചു. ജയിംസ് അഗസ്റ്റസ്ഹിക്കി    1740-1802 ആയിരുന്നു അതിന്റെ എഡിറ്ററും പ്രിന്ററും പബ്ലിഷറും എല്ലാം. കല്‍ക്കത്തയിലെ ഇംഗ്ലീഷുകാര്‍ക്കു വേണ്ടി ആരംഭിച്ചതാണെങ്കിലും ഫോര്‍ത്ത് എസ്റ്റേറ്റിനോടുള്ള ആദ്യകാല ബ്രിട്ടിഷ് ഭരണകര്‍ത്താക്കളുടെ സമീപനം ആശാസ്യമായിരുന്നില്ല. പ്രസിദ്ധീകരിച്ച് രണ്ടു വർഷത്തിനു ശേഷം ഇത് നിന്നു പോയി.. ബംഗാൾ ഗസറ്റ് പ്രസിധീകൃതമായ 1780 കഴിഞ്ഞ് നാൾ പതിറ്റാണ്ട് കഴിഞ്ഞാണ് ആദ്യഭാഷാ പത്രമായ രുഗ്‌ദർശൻ 1880 ൽ ഇറങ്ങുന്നത്. ഈ കാലയളവിൽ ഇന്ത്യയിൽ കൽക്കത്ത , മദ്രാസ് , ബോംബെ എന്നീ മൂന്ന് ഇംഗ്ളീഷ് കേന്ദ്രീകൃത നഗരങ്ങളിൽ മാത്രമേ പത്രങ്ങൾ ഇറങ്ങിയിരുന്നുള്ളു.  ഇന്ത്യ ഗസറ്റ്, ബംഗാൾ ജേർണൽ (കൽക്കട്ട ), മദ്രാസ് കൂരിയർ, ഇന്ത്യ ഹൊറാൾഡ് (മദ്രാസ് ), ബോംബെ ഹൊറാൾഡ്, ബോംബെ ഗസ്റ്റ് (ബോംബെ) എന്നിവയായിരുന്നു അക്കാലത്തെ പ്രധാന പത്രങ്ങൾ.

കേരളത്തിൽ പത്രപ്രവർത്തനം

ആദ്യം പത്രപ്രവർത്തനം കേരളത്തിൽ യൂറോപ്യക്കാരാണ് ആരംഭിക്കുന്നത്.
പോര്‍ട്ടുഗീസുകാര്രും, ഡച്ചുകാരും, ഡെന്‍മാര്‍ക്കുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും എല്ലാം കേരളത്തിലെത്തി.ഇവർ ഇവിടെ പ്രിന്റിങ് പ്രസ്സും പത്രവുമെല്ലാം തുടങ്ങി. ഇതില്‍ പോര്‍ട്ടുഗീസുകാരാണ് ഇവരിൽ ആദ്യം  പ്രിന്‍റിങ് പ്രസ് തുടങ്ങിയത്. എന്നാല്‍ അത് വ്യാപകമായത് ഇംഗ്ലീഷുകാരുടെ അതല്ലെങ്കില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ കേരളം അമര്‍ന്നപ്പോഴാണ്.  മലബാറില്‍ തലശ്ശേരി (ഇന്നത്തെ കണ്ണൂര്‍ ജില്ല) യിലെ ഇല്ലിക്കുന്നില്‍ ബാസല്‍മിഷന്‍ പ്രവര്‍ത്തകനും ജര്‍മന്‍ സ്വദേശിയുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് രാജ്യസമാചാരം എന്നപേരിൽ 1847-ല്‍ മലയാളത്തിലെ ആദ്യത്തെ പത്രം തുടങ്ങിയത്. കല്ലച്ചില്‍ അടിച്ച  മാസികയായിരുന്നു ‘രാജ്യസമാചാരം’  ക്രിസ്ത്യന്‍ പ്രചരണാര്‍ഥം ആണ് ഈ മാസികയുടെ തുടക്കം. ബാസല്‍മിഷനുമുമ്പ് ഇവിടെ ക്രിസ്ത്യന്‍ പ്രചരണാര്‍ഥം എത്തിയ എല്‍.എം.എസ്, സി.എം.എസ് സംഘടനകളിലെ പ്രവര്‍ത്തകരും പ്രസ് സ്ഥാപിച്ചു. ദൈവസ്തുതികള്‍ അച്ചടിച്ചും മതപ്രചരണം നടത്തിയിരുന്നു. ഇതെല്ലാമാണ് ആധുനികപത്രപ്രവര്‍ത്തനത്തിലേക്കും അതുവഴി സാമൂഹ്യപ്രവര്‍ത്തനത്തിലേക്കും പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരകാലത്തെ ജനങ്ങളെ സജ്ജമാക്കാനുമെല്ലാം പത്രപ്രവര്‍ത്തനം പ്രാപ്തമാക്കിയത്. മഹാത്മാഗാന്ധിക്ക് മാര്‍ഗദര്‍ശിയും ഗാന്ധിജിയുടെ ആത്മകഥയില്‍ പറയുന്ന ഏകമലയാളിയുമായ ബാരിസ്റ്റര്‍ ജി.പി. പിള്ള മദ്രാസ് സ്റ്റാന്‍ഡേര്‍ഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്‍റെ പത്രാധിപരായിരുന്നു. ഗാന്ധിജിയെ ഇന്ത്യയിലെത്തുംമുമ്പ് അദ്ദേഹത്തെക്കുറിച്ച് ജീവചരിത്രപുസ്തകം എഴുതിയ കേരളപത്രപ്രവര്‍ത്തനരംഗത്ത് ഇതിഹാസമായി നില്‍ക്കുന്നതുമായ കെ. രാമകൃഷ്ണപിള്ള ‘സ്വദേശാഭിമാനി’ എന്ന പത്രത്തിന്‍റെ പത്രാധിപരായിരുന്നു. കേരളത്തിന്‍റെ പത്രരംഗത്തെ ആചാര്യനായി കണക്കാക്കുന്ന കേസരി ബാലകൃഷ്ണപിള്ള (കേസരി പത്രത്തിന്‍റെ പേര്) യും ഇന്ത്യന്‍ ചരിത്രത്തിനും സാഹിത്യ-സാംസ്കാരിക രംഗത്തിനും നല്‍കിയ സംഭാവന വലുതാണ്.

കേരളത്തിലെ പത്രങ്ങള്‍ ചലനാത്മകമാക്കുന്ന ആയുധമായി മാറാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവന്നു. 1847-ല്‍ അതായത് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് എതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരം നടന്നതിന് 100 വര്‍ഷം മുമ്പാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആദ്യമായി കേരളത്തില്‍ ‘രാജ്യസമാചാരം’ എന്ന മാസിക തുടങ്ങിയത്. എന്നാല്‍ മതപ്രചരണത്തില്‍ നിന്നും വ്യത്യസ്തമായി എല്ലാ വിഭാഗം ആളുകള്‍ക്കും വേണ്ടി ‘പശ്ചിമോദയം’ എന്ന മാസിക കൂടി പിന്നീട് പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 1848-ല്‍ തിരുവിതാംകൂറിലെ കോട്ടയം സി.എം.എസ് പ്രസ്സില്‍ നിന്നും ‘ജ്ഞാനനിക്ഷേപം’ എന്ന മൂന്നാമത്തെ പത്രം ഇറങ്ങി. മതവും വിജ്ഞാനവും സമന്വയിച്ചുകൊണ്ടുള്ള മാസികയായിരുന്നു അത്. നാട്ടുവാര്‍ത്തകളും സര്‍ക്കാര്‍ അറിയിപ്പുകളും പ്രസിദ്ധീകരിച്ച ആദ്യ മാസികയായിരുന്നു ഇത്. കോട്ടയം സി.എം.എസ്. കോളേജിന്‍റെ വകയായി 1867-ല്‍ പ്രസിദ്ധീകരിച്ച ‘വിദ്യാസംഗ്രഹം’ ആണ് കൂടുതല്‍ ലോകവാര്‍ത്തകള്‍ മലയാളത്തിലെത്തിച്ച ആദ്യമാസിക.

കേരളത്തിലാദ്യമായി പ്രസിദ്ധീകരിച്ച പത്രം ഇംഗ്ലീഷിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ‘വെസ്റ്റേണ്‍ സ്റ്റാര്‍’ എന്ന ഈ പത്രം 1860-ല്‍ ആണ് പ്രസിദ്ധീകരിച്ചത്. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിന്‍റെ മലയാളപതിപ്പായ ‘പശ്ചിമതാര’ പ്രസിദ്ധീകരിച്ചു. 1870-ല്‍ കൊച്ചിയില്‍ നിന്നും ‘കേരളപാത’ എന്ന പത്രം തുടങ്ങി.

പത്രങ്ങള്‍ക്ക് ആദ്യം ഭരണാധികാരികള്‍ നല്ല സ്വീകരണം നല്‍കി. എന്നാല്‍ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതോടെ ഭരണാധികാരികള്‍ പത്രങ്ങള്‍ക്ക് നേരെ തിരിഞ്ഞു. 1867-ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സന്ദിഷ്ടവാദി’എന്ന മലയാളപത്രവും ‘ട്രാവന്‍കൂര്‍ ഹെറാള്‍ഡ്’ എന്ന ഇംഗ്ലീഷ് പത്രവും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇതോടെ ‘സന്ദിഷ്ടവാദി’യെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചു. അങ്ങനെ മലയാളക്കരയിലെ ആദ്യത്തെ രക്തസാക്ഷിയായി ആ പത്രം മാറി.

1881-ല്‍ പ്രസിദ്ധീകരിച്ച ‘കേരളമിത്രം’ ആയിരുന്നു ലക്ഷണമൊത്ത യഥാര്‍ഥ മലയാളപത്രം. ദേവ്ജി ഭിംജി (1829-94) എന്ന ഗുജറാത്തുകാരനായിരുന്നു ഇതിന്‍റെ ഉടമസ്ഥന്‍. ഇത് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സെന്‍സര്‍ നിയമം കര്‍ശനമാക്കിയിരുന്നു. നിയന്ത്രണങ്ങളില്‍നിന്നു പത്രത്തെ ഒഴിവാക്കാന്‍ ഭിംജി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അച്ചടിശാല പൂട്ടിവയ്ക്കാന്‍ കൊച്ചി സര്‍ക്കാര്‍ ഉത്തരവായി. ഒടുവില്‍ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. അതിനുശേഷമാണ് പത്രപ്രസിദ്ധീകരണത്തിന് അനുവാദം ലഭിച്ചത്.

‘കേരളമിത്ര’ത്തിന്‍റെ പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയായിരുന്നു. ഇദ്ദേഹമാണ് പിന്നീട് ‘മലയാളമനോരമ’ പത്രം തുടങ്ങിയത്. 1847 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തില്‍ നിരവധി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും മിക്കതും നിലച്ചുപോയി. തിരുവിതാംകൂറിനെയും കൊച്ചിയെയും അപേക്ഷിച്ച് കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് ബ്രിട്ടീഷ് മലബാറിലാണ്. അവിടെ 1884 ഒക്ടോബറില്‍ ചെങ്കുളത്ത് കുഞ്ഞുരാമമേനോന്‍ പ്രസിദ്ധീകരിച്ച ‘കേരളപത്രിക’യാണു മലബാര്‍ പ്രദേശത്തെ പ്രധാനവര്‍ത്തമാനപത്രം.

കൈക്കൂലിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്ന കേരളപത്രികയുടെ 200 പ്രതികള്‍ വരിസംഖ്യ അടച്ച് തിരുവിതാംകൂര്‍ മഹാരാജാവ് വാങ്ങി ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വിതരണം ചെയ്തിരുന്നു. ലണ്ടനില്‍നടന്ന അഖില ലോക പത്രാധിപസമ്മേളനത്തില്‍ ചെങ്കുളത്ത് കുഞ്ഞുരാമമേനോന്‍ പങ്കെടുത്തിട്ടുണ്ട്. 1886-ല്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ച മലയാളി, 1887-ല്‍ ബഹുഭാഷാപണ്ഡിതനും സമുദായപ്രവര്‍ത്തകനുമായ നിധീരിക്കല്‍ മാണികത്തനാര്‍ കോട്ടയം മാന്നാനത്തു നിന്നും തുടങ്ങിയ ‘നസ്രാണി ദീപിക (പിന്നീട് ഇതിന്‍റെ പേര് ദീപിക എന്നാക്കി), 1890 കോട്ടയത്തുനിന്ന് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മലയാളമനോരമ’ എന്നിവ മലയാളത്തിലെ ദിനപത്രങ്ങളായി പിന്നീട് മാറി. നസ്രാണിദീപിക ആദ്യം മാസത്തില്‍ മൂന്നുതവണയും 1899 മുതല്‍ വാരികയായും 1927 മുതല്‍ ദിനപത്രമാകുകയും ചെയ്തു. 1938-ല്‍ ആണ് ഇതിന്‍റെ പേര് ദീപിക എന്നാക്കിയത്. ഇപ്പോള്‍ മലയാളത്തിലെ പ്രധാന ദിനപത്രങ്ങളിലൊന്നാണത്. മലയാള മനോരമ 1901 മുതല്‍ ആഴ്ചയില്‍ രണ്ടും 1918 മുതല്‍ ആഴ്ചയില്‍ മൂന്നും പ്രസിദ്ധീകരിച്ചു. 1928-ല്‍ അത് ദിനപത്രമായി. 1938-ല്‍ ഈ പത്രത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിക്കുകയും പ്രസ് അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് സ്വാതന്ത്ര്യലബ്ധിക്കുശേഷം പുനഃപ്രസിദ്ധീകരിച്ച ഈ പത്രം ഇന്ന് ഇന്ത്യയിലെ പത്രങ്ങളുടെ നിരയില്‍ മുന്നിലാണ്. മലയാളപത്രരംഗചരിത്രത്തില്‍ ‘സ്വദേശാഭിമാനി’ ഇന്നും വികാരമായി നില്‍ക്കുന്നു.

1905-ല്‍ വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച പത്രമാണ് ‘സ്വദേശാഭിമാനി’. 1906-ല്‍ അതിന്‍റെ പത്രാധിപരായി കെ. രാമകൃഷ്ണപിള്ള ചാര്‍ജ് എടുത്തു. അഴിമതിക്കും അനാചാരങ്ങള്‍ക്കും അനീതിക്കും സര്‍ക്കാര്‍ ധൂര്‍ത്തിനും എതിരെ പടവാളായി സ്വദേശാഭിമാനി മാറി, രാജഭരണത്തെ പിടിച്ചുകുലുക്കി. പത്രഉടമസ്ഥനായ മൗലവിയെ സ്വാധീനിക്കാനുള്ള ശ്രമം രാജകീയഭരണം നടത്തിയത് പരാജയപ്പെട്ടു. പത്രാധിപരെ സ്വാധീനിക്കാനും പിന്നീട് ശ്രമം നടന്നു. അത് പരാജയപ്പെട്ടതോടെ സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. 1910-ല്‍ സെപ്റ്റംബര്‍ 26-ാം തീയതി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്നും നാടുകടത്തി. പിന്നീട് മലബാറിലെത്തിയ അദ്ദേഹം അവിടെ വച്ചാണ് മരിച്ചത്. നവോത്ഥാന കാലത്തും സ്വാതന്ത്ര്യസമരകാലത്തും എത്രയോ പത്രങ്ങള്‍ കേരളത്തിലാരംഭിച്ചു. സമുദായോദ്ധാരണത്തിനുവേണ്ടിയുള്ള പത്രങ്ങളും അതില്‍ ധാരാളം ഉണ്ടായിരുന്നു. അതിലൊന്നാണ് 1911-ല്‍ സി.വി. കുഞ്ഞുരാമന്‍ ആരംഭിച്ച ‘കേരളകൗമുദി’. അത് ഇന്ന് മലയാളത്തിലെ പ്രധാന ദിനപത്രമാണ്. സ്വാതന്ത്ര്യസമരകാലത്ത് ജډമെടുത്ത പല പത്രങ്ങളും അധികാരികളുടെ നടപടി മൂലമോ സാമ്പത്തിക പ്രതിസന്ധി കാരണമോ നിന്നുപോയി. എന്നാല്‍ ദേശീയവാര്‍ത്തകള്‍ പ്രചരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ച ‘മാതൃഭൂമി’യാണ് ഇന്ന് മലയാളത്തിലെ ഒരു പ്രധാനപത്രം. ഗാന്ധിജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്‍റെ ഒന്നാം വാര്‍ഷികമായ 1923 മാര്‍ച്ച് 18ന് കെ.പി. കേശവമേനോന്‍റെ പത്രാധിപത്യത്തില്‍ ആരംഭിച്ച ‘മാതൃഭൂമി’ ഗാന്ധിജി ഉപ്പുനിയമം ലഭിച്ച 1930 ഏപ്രില്‍ 6ന് ആണ് ദിനപത്രമായത്. സ്വാതന്ത്ര്യസമരകാലത്ത് കൊച്ചിയിലും തിരുവിതാംകൂറിലും നിരവധി പത്രങ്ങള്‍ നിലച്ചുപോയി. ഇതില്‍പ്രധാനമായ ഒന്നാണ് എ. ബാലകൃഷ്ണപിള്ളയുടെ കേസരിപത്രം. ഇത്തരം പത്രങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം തന്നെകൊണ്ടുവന്നു. അല്‍ അമിന്‍, പ്രഭാതം, ദിനബന്ധു, ഗോമതി തുടങ്ങി പലതും ഇതില്‍ പെടും. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പല പ്രാവശ്യം നിരോധിച്ച ‘ദേശാഭിമാനി’ ഇന്ന് സി.പി.എമ്മിന്‍റെ മുഖപത്രമാണ്. ജനയുഗം സി.പി.ഐയുടെയും ചന്ദ്രിക ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെയും ജډഭൂമി ബിജെപിയുടെയും മുഖപത്രങ്ങളാണ്. മാധ്യമം, മംഗളം തുടങ്ങിയ മലയാളപത്രങ്ങള്‍ക്കും ഇന്ന് പല എഡിഷനുകളുണ്ട്. മലയാള പത്രപ്രവര്‍ത്തനം വളരെ ശക്തമാണിന്ന്. പല അഴിമതികളും സാമൂഹ്യപ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നത് പത്രങ്ങളാണ്.

പത്രപ്രവർത്തന രംഗത്തു തിരുവനന്തപുരം ജില്ലയുടെ നാഡീസ്പന്ദനം ആയ മലയിൻകീഴ് ഗോപാലകൃഷ്ണൻ  എന്ന പത്രപ്രവർത്തകന്റെ  സംഭാവനകളും ചെറുതല്ല.പരസ്യവിഭാഗത്തിലും, ലേഖനായും പ്രസാധകനായും ഒക്കെ പ്രവർത്തിച്ച അദ്ദേഹം തലസ്ഥാന ജില്ലയുടെ മുതിർന്ന മാധ്യമ പ്രവർത്തകനാണ്.  മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്ന പി.ഗോവിന്ദപിള്ളയുടെ പി.എയായിട്ടാണ് പത്രരംഗത്തെ തുടക്കം.  പിന്നീട് ദേശാഭിമാനിയില്‍ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.  വിദേശ മലയാളികള്‍ക്കുവേണ്ടി കേരള & ഫോറിന്‍ റിവ്യൂ ദൈ്വവാരിക കുറച്ചുകാലം പ്രസിദ്ധീകരിച്ചു.  അതിനുശേഷം മാതൃഭൂമിയുടെ  തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പാര്‍ട്ട്‌ടൈം ലേഖകനായി.  1985ല്‍  മാതൃഭൂമിയില്‍ സ്ഥിരം ലേഖകനായി.  അതിനു മുമ്പ് ‘കേരളരാജ്യം’ എന്ന സായാഹ്ന പത്രത്തിലെ തിരുവനന്തപുരത്തെ അക്രഡിറ്റ് ലേഖകനായിരുന്നു

    1988ല്‍ മാതൃഭൂമിയുടെ വയനാട് ലേഖകനായി. 1994ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. മാതൃഭൂമിയുടെ തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2008ല്‍ റിട്ടയര്‍ ചെയ്തു.  എങ്കിലും മാതൃഭൂമിയില്‍ തിങ്കളാഴ്ചതോറും തിരുവനന്തപുരം എഡിഷനില്‍ ‘നഗരപ്പഴമ’ എന്ന പംക്തി തുടരുന്നു. ശ്രീ.ചിത്തിര തിരുനാള്‍ – അവസാനത്തെ എഴുന്നള്ളത്ത്, കേരളം ലോകചരിത്രത്തിലൂടെ, ഹേ റാം, കേരളത്തിന്റെ ചരിത്ര സാക്ഷ്യങ്ങള്‍, ജി.പി.പിള്ള മഹാത്മാ ഗാന്ധിക്ക് മാര്‍ഗദര്‍ശിയായ മലയാളി, ലോകത്തെ അത്ഭുതപ്പെടുത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയാണ് പ്രധാനകൃതികള്‍.

ദൃശ്യങ്ങളെക്കുളള ചുവടു വയ്പ്പ്

പിൽക്കാലത്ത് ദൃശ്യമാധ്യമങ്ങൾ കടന്നു വന്നതോടെ അച്ചടിയിലൂടെ മനസുകളിലേക്ക് ഓടിയെത്തിയിരുന്ന ദൃശ്യങ്ങളുടെ നേർ കാഴ്ചകളായി. ദൂരദര്ശനും,ഏഷ്യാനെറ്റും,സൂര്യയും,തുടങ്ങി ഇന്ന് മനോരമ ,മാതൃഭൂമി,കേരളകൗമുദി,എന്നീ പത്ര മാധ്യമങ്ങളും വിഷ്വൽ സാധ്യതയിലേക്കും കടന്നു.ഇതിനിടെ വളരെ പ്രചാരത്തിൽ എത്തി വാർത്താ മാധ്യമ രംഗത്തു വേറിട്ട ശൈലിയുമായി എത്തിയ ഇന്ത്യ വിഷൻ നിറുത്തലാക്കി എങ്കിലും    ഇതിന്റെ തുടർച്ചയായി ഇന്ന് ന്യൂസ് 18,മീഡിയ വൺ,  24 തുടങ്ങി രാഷ്ട്രീയ പാർട്ടികളെ പ്രതിനിധികരിച്ചു കൈരളിയും, ജയ്‌ഹിന്ദും, ജനവും തുടങ്ങി ചാനലുകളും  സർക്കാരിന്റെ നിയന്ത്രണത്തിൽ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സ് ഉൾപ്പടെ ചാനലുകളും മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ചാനലുകളും നിറഞ്ഞു.ഇതോടൊപ്പം ഇന്ന് ഡിജിറ്റൽ സാധ്യതയിൽ പോർട്ടലുകളും പ്രാദേശിക ചാനലുകളും മാധ്യമ രംഗത്തുണ്ട്.

മാധ്യമ പ്രവർത്തക സംഘടനകൾ

മാധ്യമ രംഗത്തെ ചരിത്രം പറയുമ്പോഴും ഈ രംഗത്തു ഇന്നും അരക്ഷിതവസ്ഥയിൽ കഴിയുന്ന അനേകം പത്രപ്രവർത്തകർ അവരുടെ അവസ്ഥ മറന്നു നാടിനും നാട്ടുകാർക്കുമായി   അവരുടെ ശബ്ദമായി പ്രവർത്തിക്കുന്നു.ഇവരുടെ ഉന്നമനത്തിനായി പ്രാദേശിക പ്രസ് ക്ലബ്ബ്ൾ മുതൽ ചെറുതും വലുതുമായ സംഘടനകളും ട്രെഡ് യൂണിയൻ സംഘടനയും പ്രവർത്തിക്കുന്നുണ്ട്.കെ ആർ എം യു, കെ യു ഡബ്ള്യു ജെ, കെ ജെ യു,ജോംവ, പത്രപ്രവർത്തക അസിസിയേഷൻ കൂടാതെ  പത്ര പ്രവർത്തക പ്രതിനിധികളും,സംഘടന പ്രതിനിധികളും  സ്ഥാപന ഉടമകളും  സർക്കാരും ചേർന്നുള്ള  പത്ര പ്രവർത്തക വ്യവസായ ബന്ധസമിതിയും ഒക്കെയുണ്ട്.എന്നിരുന്നാലും പ്രാദേശിക പത്രപ്രവർത്തകരുടെ ക്ഷേമം ഇന്നും കയ്യെത്താ ദൂരം തന്നെ നിൽക്കുകയാണ്.ഇതിനായുള്ള കാരണങ്ങളും അനേകമാണ്. എല്ലാ പത്രപ്രവർത്തകർക്കും ഈ ദിനത്തിൽ എല്ലാ ഭാവുകങ്ങളും പിന്തുണയും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്ത് അന്തരിച്ചു.
Next post നെയ്യാറിന്റെ കര 20 സെന്റോളം സ്വകാര്യ ഭൂമി  ഉൾപ്പടെ ഇടിഞ്ഞു ആറ്റിലേക്ക് പതിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.