മഴക്കെടുതി ഗ്രാമീണ മേഖലയിൽ കൃഷിക്ക് നാശം. പലയിടത്തും വെള്ളം കയറി നാശമുണ്ടായി.
കാട്ടാക്കട:ശക്തമായ മഴയെ തുടർന്നു ഗ്രാമീണ മലയോര മേഖലയിലാകെ കൃഷിയുൾപ്പടെ കാര്യമായ നാശം സംഭവിച്ചു.പലയിടത്തും കപ്പയും, പച്ചക്കറിയും ഉൾപ്പടെ കൃഷികൾ വെള്ളത്തിനടിയിലായി.അമ്പൂരി,ആമച്ചൽ ,കോട്ടൂർ,എന്നിവിടനങ്ങളിൽ ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു. . ഞായറാഴ്ച ഉച്ചവരെയും സ്ഥിതിക്ക് മാറ്റം ഉണ്ടായില്ല.അതെ സമയം പുലർച്ചെ മുതൽ മഴക്ക് ശമനം ഉണ്ടായിരുന്നു.ഇടക്ക് ചെറിയ ചാറ്റൽ അനുഭവപെട്ടു എങ്കിലും സ്ഥിതി വഷളാക്കിയില്ല.
കാട്ടാക്കട താലൂക്കിലെ ആമച്ചൽ നാഞ്ചല്ലൂർ ഏലായും പരിസരവും വെള്ളത്തിലായി.കുച്ചപ്പുറം, കുരുതംകോട് പ്രദേശത്തേക്കും നാഞ്ചല്ലൂർ ക്ഷേത്ര പരിസരത്തേക്കും പോകാൻ കഴിയാത്ത വിധം ഏലായും റോഡും ഒന്നായ അവസ്ഥ ആയിരുന്നു.അരക്കൊപ്പം വെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.ആഴ്ചകൾക്ക് മുൻപ് പ്രദേശത്തു വൈദ്യുത പ്രശ്നം പരിഹരിക്കാൻ സ്ഥാപിച്ച ട്രാൻസ്‌ഫോർമർ സുരക്ഷാ വേലിയോളം ഭാഗത്തു വെള്ളം നിറഞ്ഞിട്ടുണ്ട്. നിലവിൽ അത്യാഹിതം സംഭവിക്കാതിരിക്കാൻ അധികൃതർ പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. എന്നാൽ മഴയിൽ റോഡും ഏലായും വെള്ളത്തിൽ മുങ്ങുന്ന പ്രദേശമായതിനാൽ ട്രാൻസ്‌ഫോർമർ ഈ സാഹചര്യം മറികടക്കുന്ന തരത്തിൽ ക്രമീകരിക്കണമെന്ന ആവശ്യവുമുണ്ട്.പ്രദേശത്തു മൂന്നു വീടുകളിൽ വെള്ളം കയറിയതിനാൽ ആളുകൾ ട്ടെറസിന് മുകളിൽ അഭയംപ്രാപിച്ചു.രണ്ടു വീടുകളിൽ നിന്നും വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലേക് മാറിയ സാഹചര്യവും ഉണ്ടായി.
മഴയെത്തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ നെയ്യാർ ഡാം, കണ്ണങ്കാല, അനിൽകുമാർ സിന്ധു ദമ്പതികളുടെ വീട്ടിലെ കിണർ രാത്രിയോടെ ഇടിഞ്ഞു താണു. മഴ ഉണ്ടായിരുന്നതിനാൽ ആരും പുറത്തിറങ്ങിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് കിണർ ഇടിഞ്ഞു താണത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തും പ്രസിഡണ്ട് ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
മണ്ഡപത്തിൻങ്കടവ് നിറഞ്ഞു കവിഞ്ഞു ഒഴുകുന്നുണ്ട്.നെയ്യാറിൽ നിന്നുള്ള ജലമൊഴുക്കും കൂടെ ആയതിനാൽ ഒഴുക്കിനു ശക്തിയുണ്ട്.കടവിന് സമീപ പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്.പ്രധാനമായും പെട്രോൾ പമ്പ്, തമ്പുരാൻ ക്ഷേത്രം റോഡ്,ചന്ത നട എന്നിവിടങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്.വൈകുന്നേരത്തോടെ ഇവിടെ നേരിയ ശമനം ഉണ്ടായിട്ടുണ്ട്.
അമ്പൂരി ചാപ്പാറ , അയ്യവിളാകം ,കാരിക്കുഴി, തെന്മല കണ്വമൂട്. എന്നിവിടങ്ങളിലേക്ക് പോകാനാകാതെ ആളുകൾ കുടുങ്ങി.ഇവിടെ പാലം ഇല്ലാത്തത് ആണ് കനത്ത മഴയെ തുടർന്ന് തോട് വെള്ളം നിറഞ്ഞു കവിഞ്ഞപ്പോൾ യാത്രക്കാർ പ്രതിസന്ധിയിലായത്. മുന്നൂറിലധികം കുടുംബങ്ങൾ അധിവസിക്കുന്ന ആദിവാസി ഊരിലേക്ക് പോകാനുള്ള നൂറിൽപരം സഞ്ചാരികൾ വാഹനം കൊണ്ടു പോകാൻ പറ്റാതെ ഇവിടെ കുടുങ്ങി. ഇതിനിടെയാണ് യാത്രക്കാരുമായി വന്ന ഓട്ടോ വെള്ളം നിറഞ്ഞ തോട് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഒഴുക്കിൽ പെട്ടത് .നാട്ടുകാർ ഓടി കൂടുകയും കയർ കെട്ടി വാഹനം വലിച്ചു കരയിലേക്ക് കയറ്റി സമയോചിതമായ ഇടപെടലിലൂടെ രക്ഷാപ്രവർത്തനം നടത്തി.