പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേരള പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ഡിവിഷന്‍ നിലവില്‍ വരുന്നതോടെ സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പോലീസ് സൈബര്‍ഡോം വിഭാഗം തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനും കൃഷിയിടത്തിലെ ആവശ്യത്തിനും വിവിധ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കും ആധുനിക ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ കടത്താന്‍ ഡ്രോണ്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ സാങ്കേതികവിദ്യ പഠിക്കാനും മനസ്സിലാക്കാനും സ്വന്തം നിലയില്‍ വികസിപ്പിക്കാനും ഡ്രോണ്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനങ്ങള്‍ കേരള പോലീസ് ഏര്‍പ്പെടുത്തിയത്. ഇതിന് ആവശ്യമായ സാങ്കേതികവിദ്യ വളര്‍ത്തിയെടുക്കാനാണ് ഹാക്കത്തോണ്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം വിവിധ തരം ഡ്രോണുകള്‍ ഉള്‍പ്പെടുത്തി വര്‍ണാഭമായ എയര്‍ഷോ സംഘടിപ്പിച്ചിരുന്നു.
വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍, ഡ്രോണ്‍ സാങ്കേതികവിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
ഹാക്കത്തോണിന്റെ സമാപനച്ചടങ്ങിൽ വെള്ളിയാഴ്ച വൈകിട്ട് 4.30 ന് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും.