സുധാകരക്കുറുപ്പ് വാക്കുപാലിച്ചു;ദേശീയ പതാക മുളങ്കമ്പിൽ നിന്നും കൊടിമരത്തിലേറി
അമ്പൂരി: അമ്പൂരിയിലെ കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിന് ആലപ്പുഴ വള്ളികുന്നം സ്വദേശി സുധാരക്കുറുപ്പ് നൽകിയ വാക്കുപാലിച്ചു; ഇത്തവണ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക മുളങ്കമ്പിൽ നിന്നും കൊടിമരത്തിലേറി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷം വാർത്തകളിലിടം പിടിച്ചിരുന്നു. അധ്യാപിക ഉഷടീച്ചർ ദേശീയ പതാക ഉയർന്നുന്ന ദൃശ്യമാണ് ശ്രദ്ധേയമായത്.രണ്ടു വിദ്യാർത്ഥികളും സ്കൂളിലെ കാവൽക്കാരായ നായ്ക്കളും കാഴ്ചക്കാരായ ആഘോഷം മറ്റു സൗകര്യങ്ങളില്ലാത്തതിനാൽ മുളങ്കമ്പ് ചേർത്തു കെട്ടിയായിരുന്നു ദേശീയപതാക ഉയർത്തിയിരുന്നത്.
കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാലേ ഉഷാകുമാരി ടീച്ചർക്ക് കുന്നത്തുമലയിലെ തന്റെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ എത്താൻ കഴിയൂ. പോകുന്ന വഴിക്ക് കുട്ടികളുടെ വീടുകൾക്ക് മുന്നിൽച്ചെന്ന് വിളിച്ച് അവരേയും ഒപ്പം കൂട്ടിയില്ലെങ്കിൽ പോയിട്ട് ഒരു കാര്യവുമില്ല. പോയില്ലെങ്കിലും ദേശീയ പതാക ഉയർത്തിയില്ലെങ്കിലും അധികാരികൾ ആരും അറിയാൻ പോകുന്നില്ല. എന്നാലും ടീച്ചർ പോയിരിക്കും പതാക ഉയർത്തിയിരിക്കും . മുളങ്കമ്പിൽ പതാക ഉയർത്തിയ ചിത്രം പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ആ പോസ്റ്റ് ധാരാളംപേർ ഷെയർ ചെയ്യുകയും ചെയ്തു.അന്ന് പോസ്റ്റ് കണ്ട ഇന്ത്യൻ നേവിയിൽനിന്നും വിരമിച്ച ആലപ്പുഴ വള്ളികുന്നംസ്വദേശിയായ സുധാകരകുറുപ്പ് കൊടിമരം കെട്ടാൻ വേണ്ട സഹായം ചെയ്യാം എന്ന് സകൂൾ അധ്യാപികയായ ഉഷ ടീച്ചർക്ക് ഉറപ്പു നൽകി.
ചിത്രം ഷെയർ ചെയ്ത മനോജ് നിരക്ഷരൻ മുഖേനയാണ് അദ്ദേഹം വാഗ്ദാനം നൽകിയത്. ഇത്തവണ സ്വാതന്ത്ര്യദിനത്തിനു മുൻപ് അദ്ദേഹം വാക്കു പാലിച്ചു. കൊടിമര നിർമ്മാണത്തിനുള്ള തുക എത്തിച്ചു നൽകി. സ്വാതന്ത്ര്യദിനാഘോഷത്തിൽ കുന്നത്തുമലയിൽ കുടുംബസമേതംം എത്താമെന്ന് സുധാകരക്കുറുപ്പ് അറിയിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളാൽ എത്താനായില്ല. എങ്കിലും ഉഷ ടീച്ചറും നാട്ടുകാരും കുട്ടികളും വലിയ സന്തോഷത്തിലാണ് .75 മത് സ്വാതന്ത്ര്യദിനത്തിൽ അഗസ്ത്യ വിദ്യാലയം അഭിമാനത്തോടെ പതാക ഉയർത്തി. അമ്പൂരി പഞ്ചായത്ത് തൊടുമല വാർഡ് മെമ്പർ അഖില ഷിബു പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു.