മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
ന്യൂഡല്‍ഹി:രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു.
മീഡിയ വണ്‍ ചാനലിന്‍്റെ സംപ്രേക്ഷണം റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ചാനല്‍ വിലക്കിന് കാരണമായ എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര നടപടി ചോദ്യം ചെയ്ത് മാധ്യമം മാനേജ്‍മെന്റും എഡിറ്റര്‍ പ്രമോദ് രാമനും ജീവനക്കാരും സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉള്‍പ്പെടെ പ്രതിസന്ധിയിലാണ് അതിനാല്‍ കോടതി ഇടപെടല്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ചാനലിന്‍്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവച്ചതിന് പിന്നാലെയാണ് ചാനല്‍ സുപ്രിംകോടതിയെ സമീപിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഉള്ളതിനാലാണ് സുരക്ഷാ ക്ലിയറന്‍സ് നല്‍കാത്തത് എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെയും ഉത്തരവ്.