September 9, 2024

ആറ്റുകാൽ പൊങ്കാല: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാർ ക്ഷേത്രം സന്ദർശിച്ചു

Share Now

പൊങ്കാല മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണം

ആറ്റുകാൽ പൊങ്കാല ഏറ്റവും മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇളവുകൾ ദുരുപയോഗം ചെയ്യാതെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ഭക്ത ജനങ്ങൾ വീടുകളിൽ തന്നെ പൊങ്കാലയിട്ട് ഇതിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.

സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകൾ ക്ഷേത്രത്തിലേക്ക് എത്താനുള്ള സാധ്യതകൾ കണ ക്കിലെടുത്തു കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെന്ന്‌ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഇതിനായി എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര പരിസരത്ത് തിരക്ക് ഒഴിവാക്കാൻ പൊതു ജനങ്ങൾ ശ്രദ്ധ പാലിക്കണം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ളവർ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക. രോഗലക്ഷണമുള്ളവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുതെന്നും മന്ത്രിമാർ അഭ്യർത്ഥിച്ചു.

കോമ്പൗണ്ടിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് മാത്രമാണ് ക്ഷേത്രദർശനത്തിന്
അനുമതി. ക്ഷേത്രാതിർത്തിയോട് ചേർന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും. ക്ഷേത്രത്തിലെ ഒരു കവാടത്തിൽ കൂടി മാത്രമാണ് പ്രവേശനം. ക്ഷേത്ര മൈതാനത്ത് ആരോഗ്യവകുപ്പിന്റെ രണ്ട് കൗണ്ടറുകൾ തുറന്നു പ്രവർത്തിപ്പിക്കാനും റവന്യൂ വകുപ്പിന്റെ 48 മണിക്കൂറും ലഭ്യമാകുന്ന ടോൾഫ്രീ നമ്പർ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് മാസ്ക്കുകൾ ഇല്ലാതെ വന്നാൽ അവ ലഭ്യമാക്കാനുള്ള സൗകര്യമേർപ്പെടുത്താനും നിർദ്ദേശം നൽകി.

ക്ഷേത്രദർശനത്തിനെത്തുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ(മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം) പാലിക്കണമെന്നും മന്ത്രിമാർ പറഞ്ഞു.

ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്യൂ, ബാരിക്കേഡ് സംവിധാനങ്ങളും കൺട്രോൾ റൂമുകളുടെ പ്രവർത്തനവും മന്ത്രിമാർ വിലയിരുത്തി.
ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ക്ഷേത്ര സമിതിയുമായി കൂടിയാലോചിച്ചു.

ഡെപ്യൂട്ടി മേയർ പി.കെ രാജു, കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ , ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ഡി.സി.പി അങ്കിത് അശോകൻ, ക്ഷേത്ര സമിതി അംഗങ്ങൾ എന്നിവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാട്ടുകാരെ ഓടി വരണേ റോക്കെറ്റ് കത്തിച്ചു പോകുന്നേ
Next post റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത എൻ‌സി‌സി കേഡറ്റുകൾ‌ക്ക്‌ ഗവർണർ സ്വീകരണം നൽകി

This article is owned by the Rajas Talkies and copying without permission is prohibited.