September 17, 2024

മലയാളികൾ ഭക്ഷണകാര്യത്തിൽ സാക്ഷരത പുലർത്തണം : മന്ത്രി.പി.പ്രസാദ്

Share Now

മലയാളികൾ ഭക്ഷണകാര്യത്തിൽ സാക്ഷരത പുലർത്തണമെന്നും നാവിന്റെ രുചിയിൽ കീഴടങ്ങി രോഗങ്ങളുടെ തടവറയിൽ ആകരുതെന്നും മന്ത്രി പി.പ്രസാദ്.

ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചെമ്മരുതിയുടെ പേരിൽ കരിക്കിൻ ജ്യൂസ്‌, വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ തുടങ്ങിയവ കുടുംബശ്രീ വഴി വിപണിയിൽ എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. കൃഷി ജീവിതമാണെന്നും ജീവിക്കാൻ വേണ്ടി എല്ലാവരും കൃഷി ശീലമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചെമ്മരുതിയിൽ ഒരു നാളികേര കൗൺസിൽ തുടങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മുതിർന്ന കർഷകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഒപ്പം കേരകർഷകർക്കുള്ള ധനസഹായത്തിന്റെ വിതരണവും നിർവഹിച്ചു. വളരെ മികച്ച രീതിയിൽ കേരഗ്രാമം പരിപാടി നടത്തിയ ചെമ്മരുതിയിലെ സംഘാടകരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ 250 ഹെക്ടർ പ്രദേശത്ത് 76 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങിന്റെ തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവള നിർമ്മാണ യൂണിറ്റ് ആരംഭിക്കൽ , രാസവളം, കീടനാശിനി വിതരണം, കേട് വന്ന തെങ്ങ് മുറിച്ചു മാറ്റി ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടീൽ, തെങ്ങിൻ തോട്ടങ്ങളിൽ ഇടവിള കൃഷി പ്രോത്സാഹനം എന്നിവയാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വാർഡിൽ 75 തെങ്ങിൻ തൈ എന്ന രീതിയിൽ 43,750 തെങ്ങുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

തൃപ്പോരിട്ടക്കാവ് ക്ഷേത്ര മൈതാനത്തു നടന്ന ചടങ്ങിൽ വി. ജോയി എം. എൽ. എ അധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. എം. രാജു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗീത നസീർ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയങ്ക ബിറിൽ, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി, ചെമ്മരുതി കൃഷി ഓഫീസർ പ്രീതി. ആർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത്‌ ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒമിക്രോൺ അറിയേണ്ടതെല്ലാം ഡോ ജോസ്‌ന വിനോദ് പറയുന്നു
Next post ബീമാപള്ളി ഉറൂസിന് ആവശ്യമായ സൗകര്യമൊരുക്കും

This article is owned by the Rajas Talkies and copying without permission is prohibited.