ബീമാപള്ളി ഉറൂസിന് ആവശ്യമായ സൗകര്യമൊരുക്കും
ജനുവരി അഞ്ചിന് തുടങ്ങുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാത്ത രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉറൂസ് നടത്താന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഉറൂസ് നടത്തുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.
ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജമാഅത്ത് ഭാരവാഹികളും ജനപ്രതിനിധികളും ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയെടുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഉറൂസിന് മുന്നോടിയായി വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ, മറ്റു വകുപ്പ് മേധാവികള്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
ജനുവരി അഞ്ച് മുതല്‍ പത്ത് ദിവസമാണ് ഉറൂസ് നടക്കുക.
ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബീമാപള്ളിയില്‍ മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മറ്റൊരു യോഗം കൂടി നടത്താനും തീരുമാനമായി.