September 15, 2024

ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ വിദഗ്ധ സമിതി പഠിക്കും: മന്ത്രി വീണാ ജോര്‍ജ്

Share Now

ആരോഗ്യ സര്‍വേ ആരംഭിച്ചു, 1576 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം: ബ്രഹ്‌മപുരത്തെ സംബന്ധിച്ചുള്ള ഹ്രസ്വവും ദീര്‍ഘവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനത്തേയും പുറത്തേയും വിവിധ മേഖലകളിലെ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി.

പുക ശ്വസിച്ച് മരണമുണ്ടായതായി പരാതിയുള്ള സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മന്ത്രി മറുപടി നല്‍കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ല എന്ന് താന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. ഇന്ന് വൈകുന്നേരം വരെ 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതില്‍ 13 ഗര്‍ഭിണികള്‍, 10 കിടപ്പ് രോഗികള്‍, 501 മറ്റ് അസുഖങ്ങള്‍ ഉളളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ആരോഗ്യ സര്‍വേ നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി. മൂന്ന് ട്രെയിനിങ് പ്രോഗ്രാമുകളിലായി 148 ആശ പ്രവര്‍ത്തകര്‍ക്ക് ഇന്ന് പരിശീലനം നല്‍കി. ഇതോടെ രണ്ടു ദിവസങ്ങളിലായി 350 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

നിലവില്‍ സഹായം ആവശ്യമുള്ളവരെ ഉടന്‍ കണ്ടെത്തി സേവനങ്ങള്‍ നല്‍കുന്നതിനും കിടപ്പ് രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ കൂടുതല്‍ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടര്‍ നിരീക്ഷണങ്ങളും സേവനങ്ങളും നല്‍കുന്നതിനാണ് വിവരശേഖരണം നടത്തുന്നത്.

എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി വരുന്നു. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 6 മൊബൈല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ 544 പേര്‍ക്ക് സേവനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒസ്‌ക്കാറിൽ തിളങ്ങി ഇന്ത്യ നാട്ട് നാട്ട് ഒറിജിനൽ സോങ്ങ്
Next post നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ; നിഷ്‌ 2023 സ്കോളർഷിപ്പുകളുടെയും 2023-‘24 അഡ്മിഷന്റെയും തുടക്കം കുറിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.