September 8, 2024

‘പ്രശ്നം കുടിശ്ശികയുടേതോ കാലതാമസത്തിന്റേതോ അല്ല’; നിര്‍മ്മല സീതാരാമന് മറുപടിയുമായി കെ എന്‍ ബാലഗോപാല്‍

Share Now

നിര്‍മ്മല സീതാരാമന് മറുപടിയുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതാണെന്ന് ബാലഗോപാല്‍ വ്യക്തമാക്കി.

പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്റെ ഭാഗമായും സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു’, കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന് ജിഎസ്ടി കുടിശിക ഇനത്തില്‍ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയതുമുള്ള ശ്രീ. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നല്‍കിയ ഉത്തരവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരളത്തിന് കുടിശ്ശികയായി കേന്ദ്രം നല്‍കാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാനുള്ള ജിഎസ്ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.

തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്. കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്റേതാണ്.ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവാണുണ്ടായിട്ടുള്ളത്. 2022 ജൂണ്‍ 30ന് ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്റെ ഭാഗമായും സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ഇതേ ആവശ്യം ഉന്നയിച്ചവരാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000 ത്തോളം കൂടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍.കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത്. കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകള്‍ അതിന്റെ മുറക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നല്‍കിയതും. കേരളത്തിനര്‍ഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ ആശുപത്രിയിൽ ദുരിതം തന്നെ.
Next post കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏഴ് എം.പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു

This article is owned by the Rajas Talkies and copying without permission is prohibited.