September 9, 2024

നൂറു ദിന കര്‍മ്മപദ്ധതിയിലെ പ്രഖ്യാപനം റിക്കോര്‍ഡ് വേഗത്തില്‍ നടപ്പിലാക്കി സഹകരണ വകുപ്പ്

Share Now

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബര്‍ വരെ നല്‍കിയത് 16,828 തൊഴിലുകള്‍. കേരള ചരിത്രത്തില്‍ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് 92 ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷ്യവും കടന്ന് തൊഴില്‍ നല്‍കുന്നത്. 10,000 തൊഴില്‍ നല്‍കുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയത്. സംരംഭകത്വ മേഖലയില്‍ സഹകരണ വകുപ്പ് മികച്ച മുന്നേറ്റമാണ് നടത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങളില്‍ 151 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി. കേരള ബാങ്കില്‍ 13 സ്ഥിരം നിയമനങ്ങളും നല്‍കി. കേരള ബാങ്കില്‍ മാത്രം 10,093 സംരംഭക തൊഴില്‍ അവസരങ്ങളാണ് സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സൃഷ്ടിച്ചത്. സഹകരണ വകുപ്പില്‍ 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളില്‍ സംരംഭകത്വ വിഭാഗത്തില്‍ 6540 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു.

ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 1074 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ്. 1038 പേര്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍ ഒരുക്കി നല്‍കിയത്. തൃശ്ശൂര്‍ 597, എറണാകുളം 563, കണ്ണൂര്‍ 533, ആലപ്പുഴ 503, പാലക്കാട് 414, കാസര്‍ഗോഡ് 413, മലപ്പുറം 381, കോഴിക്കോട് 273, കൊല്ലം 268, പത്തനംതിട്ട 169, ഇടുക്കി 158, വയനാട് 156 എന്നിങ്ങനയാണ് മറ്റു ജില്ലകളില്‍ സഹകരണ വകുപ്പ് ഒരുക്കിയ തൊഴില്‍ അവസരങ്ങള്‍. കര്‍മ്മ പദ്ധതി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. യുവജനങ്ങളാണ് സംരംഭകത്വ മേഖലയില്‍ കൂടുതലായി കടന്നു വരുന്നത്. ഈ സംരംഭങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ട് അപ്പുകളായി മാറും. ഇപ്പോഴുള്ള പദ്ധതികളുെ വിപുലീകരണത്തിനും സഹകരണ വകുപ്പ് പിന്നീട് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു.

സഹകരണ വകുപ്പ് മുന്നോട്ട് വച്ച ആശയവുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചു. കൃത്യമായ പദ്ധതികളുമായി എത്തിയവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയ ബന്ധിതമായി നല്‍കുകയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ പരിശോധനകളിലൂടെ പദ്ധതികളുടെ നടത്തിപ്പും വിലയിരുത്തി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴില്‍ രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് സഹകരണ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമാക്കിയത്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ലോകമാകെ തൊഴില്‍ അവസരങ്ങളെ ബാധിച്ചപ്പോള്‍ കേരളത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കിയ പദ്ധതികള്‍ പ്രതിസന്ധി മറികടക്കാന്‍ സഹായകമായെന്നും മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

10 വനിതാ സഹകരണ സംഘങ്ങള്‍ക്ക് സംരഭകത്വം ആരംഭിക്കാന്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കിയതിനു പിന്നാലെ 27 യുവജന സഹകരണ സംഘങ്ങളും ആരംഭിച്ചിരുന്നു. സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവജന സഹകരണ സംഘങ്ങളിലൂടെ നിരവധി യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമായി. പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുന്നതോടെ പ്രാദേശിക തലത്തില്‍ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളായി യുവജന സംഘങ്ങള്‍ മാറുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പില്‍ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളില്‍ നാല് പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ പഴയന്നൂരിലെ കെയര്‍ ഹോം പദ്ധതിയും പൂര്‍ത്തിയായി വരുന്നു. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് വീടുകള്‍ കൈമാറാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ സഹകരണ വകുപ്പ് നൂറു ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റിസബാവയുടെ വിയോഗത്തിൽ വിലപിച്ച് സിനിമാ ലോകം
Next post കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

This article is owned by the Rajas Talkies and copying without permission is prohibited.