പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു
ആര്യനാട്:വസ്‌തു ഇടപാടിനെന്ന പേരിൽ പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.ആര്യനാട് കോട്ടയ്ക്കകം കല്ലുപാലം കോരാൻകുഴി വീട്ടിൽ അപ്പു എന്ന എ.അഖിൽജിത്ത് (23),കുളപ്പട ശ്രുതി ഭവനിൽ ശ്രുതി (24) എന്നിവരാണ് അറസ്റ്റിലായത്.
വട്ടിയൂർക്കാവ് മൂന്നാംമൂട് ലാറിവറിയിൽ ജെ. സുധീർ ജനാർദ്ദനനേയും (60)സുഹൃത്തിനേയും ആക്രമിച്ചശേഷമാണ് പണം കവർന്നത്.വ്യാഴ്ചച്ച ഉച്ചയോടെയാണ് സംഭവം.സുധീറിന്റെ വഴുതക്കാടുള്ള അഞ്ച് സെന്റ് വസ്തു വിൽക്കാനുള്ള ശ്രമത്തിനിടെ വാളിക്കോട്ട് ഒരേക്കർ 80 സെന്റ് വസ്തു ഉണ്ടെന്നും പരസ്പരം മാറ്റി ഇടപാട് പറഞ്ഞ് കണ്ടല സ്വദേശി സുനിൽ എന്ന ആൾ സുധീറിനെ സമീപിച്ചു.തുടർന്ന് വാളിക്കോട്ടെ വസ്തുവിന് ഒരു കോടി 46 ലക്ഷവും വഴുതക്കാട്ടെ വസ്തുവിന് ഒരു കോടി 20 ലക്ഷവും വിലയിട്ടു.ഇത് പ്രകാരം സുധീർ 26 ലക്ഷം രൂപ കൂടി നൽകണം. 6.25 ലക്ഷം രൂപദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു.ബാക്കി തുകയുമായി വസ്തു ഇടപാട് നടത്താനായി എത്തിയപ്പോഴാണ് ഇവർ പണം തട്ടിയെടുത്തത്.
നെടുമങ്ങാട് പണവുമായി എത്തിയ സുധീറിനേയും സുഹൃത്ത് ഷിജുവിനേയും സംഘം തന്ത്രപരമായി കുളപ്പട സ്വദേശി ശ്രീലാലിന്റെ വീട്ടിൽ എത്തിച്ചു.ഇതിനിടയിൽ മാരുതി കാറിലും സ്കൂട്ടറുലുമായി എത്തിയപത്തോളം വരുന്ന സംഘം ഇവരുടെ കഴുത്തിൽ മഴു വച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നെന്ന് സുധീർ ആര്യനാട് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.ഈ സമയം ശ്രീലാലിന്റെ സഹോദരി ശ്രുതിയും ഇവിടെ ഉണ്ടായിരുന്നതായി ആര്യനാട് പൊലീസ് പറഞ്ഞു.
കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത്,ആര്യനാട് ഇൻസ്‌പെക്ടർ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്.കൂടുതൽ അന്വേഷണം നടത്തിയാലേ പ്രതികൾ മറ്റേതെങ്കിലും സമാന കേസുകളിൽ പ്രതികളാണോ എന്നറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.