അപകടങ്ങൾ പതിവായിട്ടും പാലത്തിലെ കുഴികൾ അടക്കാൻ നടപടിയില്ല.
കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കള്ളിക്കാട് ജംഗ്‌ഷനു സമീപം മലയോര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാലമായ മുകുന്ദറ പാലത്തിലൂടെ ഉള്ള യാത്ര അപകടം ഉണ്ടാക്കുന്നു. മഴപെയ്തു കുഴികളിൽ വെള്ളം നിറഞ്ഞു ഇത് വഴി യാത്ര ദുസ്സഹമാണ്. കാൽ നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഏറെ ദുരിതം നേരിടുന്നത്. ഇവർ പാലത്തിനു മുകളിലെത്തി വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിയിൽ കുളിക്കാതെ പോകാനാകില്ല.പലപ്പോഴും ജീവനുകൾ നഷ്ടപ്പെടുന്ന രീതിയിലുള്ള അപകടം ഉണ്ടായിട്ടു പോലും പ്രശ്ന പരിഹാരം കാണാൻ അധികൃതർ മിനക്കെടുന്നില്ല.ഈ പ്രദേശത്തു റോഡിൻറെ ശോച്യാവസ്ഥ കാരണം അപകടത്തിൽപ്പെട്ടു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനോ, റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനോ, അധികാരികൾ ആരും തയ്യാറാകുന്നില്ല എന്ന പരാതി ഉണ്ടായിട്ടു പോലും അവഗണനയാണ് നേരിടുന്നത്. മഴ മാറി ഇരുന്ന സമയത്തു പോലും പാലത്തിന്റെ അപാകത പരിഹരിച്ചു സുഗമമായ യാത്ര സൗകര്യം ഒരുക്കാൻ ആരും തയാറായിരുന്നില്ല. അതെ സമയം പാലത്തിന്റെ ഇരു ഭാഗങ്ങളിലും ടാറിങ് എത്തിയിരുന്നു എങ്കിലും ഈ ഭാഗം ഒഴിവാക്കിയിരിക്കുകയാണ് എന്നതാണ് നാട്ടുകാരിൽ അമര്ഷമുണ്ടാകാൻ കാരണം. പാലത്തിലുള്ള വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഏർപ്പെടുത്തുകയും, പാലം റീ ടാറിംഗ് നടത്തുവാനും അധികാരികൾ എത്രയും വേഗം തയ്യാറാകണമെന്ന് കേരള കോൺഗ്രസ് നേതാവ് കള്ളിക്കാട് സുരേന്ദ്രനും ആവശ്യപ്പെട്ടു.