കോരിച്ചൊരിയുന്ന മഴയിലിലും ചേറിലിറങ്ങി ഞാറ്നട്ട് സുരേഷ് ഗോപി എംപി
കാട്ടാക്കട . ആരാധകർക്കും ജനപ്രതിനിധികളും കർഷകർക്കും ഒപ്പം കോരി ചൊരിയുന്ന മഴയിലും നഗ്‌നപാദനായി നടന്നു ചേറിലിറങ്ങി ഞാറു നാട്ട് സുരേഷ് ഗോപി എം പി കുന്നനാട് വയലിലെ നെൽകൃഷിക്ക് തുടക്കമിട്ടു.സേവാഭാരതി ഒറ്റശേഖരമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്നുപതിറ്റാണ്ടിനു ശേഷം ഞാറു നടീൽ സംഘടിപ്പിച്ചത്. നെൽകൃഷിയിൽ സമൃദ്ധമായിരുന്ന ഈ പ്രദേശം ഇപ്പോൾ തെങ്ങും വാഴയും മറ്റു കൃഷികളും തുടർന്നിരുന്നു.എന്നാൽ പുതുതലമുറക്ക് അന്യമായ നെൽകൃഷിയെ പുനരുജ്ജീവിപ്പിച്ചു നെല്ലരി സമൃദ്ധിയിലേക്ക് കുന്നാനാടിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വയലിൽ ഞാറുകൾ നട്ടത്.കഴിഞ്ഞ ദിവസം നടത്താനിരുന്ന ഞാറു നടീൽ മഴകാരണം മാറ്റി വച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മുതൽ മഴ കനത്തതോടെ തങ്ങളുടെ സൂപ്പർതാരം എത്തുമ്പോ എന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ.എന്നാൽ കൃത്യ സമയത്തു എത്തിയ താരം മഴയും ചെളിയും വകവയ്ക്കാതെ നാട്ടുകാരുടെ ആഗ്രഹ സഫലീകരണത്തിനായി വരമ്പിലൂടെ പാടത്തേക്കിറങ്ങുകയായിരുന്നു.നാട്ടുകാർക്കും കർഷകർക്കും ഒപ്പം പെരുങ്കടവിള ബ്ലോക്ക് പ്രസിഡണ്ട് ലാൽകൃഷ്ണ ജി,ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ആർ ചെറുപുഷ്പം , കള്ളിക്കാട് പഞ്ചായത്തു പ്രസിഡണ്ട് പന്ത് ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ സത്യനേശൻ ,ശിശുപാലൻ എസ്,സേവാഭാരതി ജില്ലാ സമിതി അംഗം സുദർശനൻ,കൃഷി ഓഫീസർ കെ ജി കിരൺ എന്നിവർ സന്നിഹിതരായി.