89-ാമത് മഹാ തീർത്ഥാടനം: ശിവഗിരി ഒരുങ്ങുന്നു.
തിരുവനന്തപുരം: 89-ാമത് മഹാ തീർത്ഥാടനം ഡിസംബർ 30,31, ജനുവരി 1 തീയതികളിൽ നടത്തുന്നതിന് ശിവഗിരിൽ ഒരുക്കങ്ങൾ മുന്നേറുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ ജനുവരി 5 വരെ തീർത്ഥാടനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ കർശമായി പാലിക്കും. ആംബുലൻസ് ഉൾപ്പെടെ ആരോഗ്യ വകുപ്പിന്റെ എല്ലാ സംവിധാനങ്ങളും സജ്ജമാക്കും. തീർത്ഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിച്ചായിരിക്കും മഠത്തിലേക്കുള്ള പ്രവേശനം. കൊവിഡ് പോസിറ്റീവായാൽ ക്വാറന്റൈൻ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളുടെ 24 മണിക്കൂർ സേവനവും ലഭ്യമാക്കും.
ശിവഗിരിയിലേക്കുള്ള പ്രധാന സഞ്ചാരപാതയായ കല്ലമ്പലം,പാരിപ്പള്ളി,കടയ്ക്കാവൂർ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വി.ജോയി എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തീർത്ഥാടക വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണം. കാപ്പിൽ, വർക്കല ബീച്ച്, ജനാർദ്ദനസ്വാമി ക്ഷേത്രക്കുളം എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കണം.. തീർത്ഥാടന സ്ഥലത്തേക്ക് മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനും പ്രകാശിക്കാത്ത വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനും വൈദ്യുതി വകുപ്പിന് നിർദേശം നൽകി. 24 മണിക്കൂറും ശുദ്ധജല വിതരണത്തിന് വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനമൊരുക്കും. ട്രാഫിക് നിയന്ത്രണത്തിനും, ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും 95 പോയിന്റുകളിലായി 516 പൊലീസുകാരെ നിയോഗിക്കും. പ്രധാനനിരത്തുകളിൽ സി.സി.ടി.വി നിരീക്ഷണ കാമറ ഉണ്ടാകും. തിരുവനന്തപുരം കോർപ്പറേഷനും വർക്കല മുൻസിപ്പാലിറ്റിയും തീർത്ഥാടനസ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ശിവഗിരിയിലേക്കുള്ള എല്ലാ റൂട്ടുകളിലും ബസ് സർവീസ് നടത്തും. കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂമും അനൗൺസ്‌മെന്റ് സംവിധാനവും ഉണ്ടാകും. ഫയർഫോഴ്സ് വാഹനങ്ങൾ, ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. സിവിൽ സപ്ലൈസ് , ഭക്ഷ്യസുരക്ഷാവിഭാഗം, ലീഗൽ മെട്രോളജി എന്നിവയുടെ പ്രത്യേക സ്‌ക്വാഡുകൾ തീർത്ഥാടന സ്ഥലത്തെ കടകളും ഭക്ഷണശാലകളും പരിശോധിക്കും. എക്‌സൈസിന്റെ പട്രോളിംഗും ഷാഡോ ടീമുമുണ്ടാകും.
വർക്കല റെയിൽവേ സ്‌റ്റേഷനിലും ശിവഗിരിയിലും പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്ന് റെയിൽവേ അറിയിച്ചു. ഡ്യൂട്ടിയിലുള്ള പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിന് സമീപത്തെ സ്‌കൂളുകളിൽ സൗകര്യം ഒരുക്കും. എ.ഡി.എം ഇ . മുഹമ്മദ് സഫീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി, ഋതംഭരാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ , സ്വാമി വിശാലാനന്ദ എന്നിവർക്ക് പുറമേ സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർ ടി.കെ വിനീത്, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.