സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം നെഹ്റു യുവ കേന്ദ്ര 75 കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ സംഘടിപ്പിക്കും
തിരുവനന്തപുരം,
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടിയായി കേന്ദ്ര ഗവണ്മെന്റ് ആവിഷ്‌ക്കരിച്ച ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചു നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും ആഗസ്റ്റ് 13 മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെയുള്ള തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍ സംഘടിപ്പിക്കും. നാഷണല്‍ സര്‍വ്വീസ് സ്‌കീം, യൂത്ത് ക്ലബുകള്‍ മറ്റ് യുവജന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ഓരോ ജില്ലയിലും 75 കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോളിന് വിധേയമായിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക.
ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ആഗസ്റ്റ് 13 ന് തിരുവനന്തപുരം ജില്ലയിലെ അഞ്ച്തെങ്ങ് കോട്ട, തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകം, വയനാട് ജില്ലയിലെ മാവിലാതോട് പഴശ്ശി സ്മാരകം, സ്വാതന്ത്ര്യ സമര സേനാനി ചെമ്പിലാരായന്റെ ജന്മ സ്ഥലമായ കോട്ടയം ജില്ലയിലെ ചെമ്പ്, ലക്ഷദ്വീപിലെ ആന്ത്രോത്ത് എന്നീ കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ നടക്കും.
ആഘോഷത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ദേശീയ ഗാനം ആലപിച്ച് അപ്ലോഡ് ചെയ്യുന്നതിന് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം http://rashtragaan.in എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്തവ ആഗസ്റ്റ് 15 ന് ടിവി, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ലൈവ് ആയി കാണിക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര യുവജന ദിനമായ ആഗസ്റ്റ് 12 ന് വൈകിട്ട് 3 മണിക്ക് സംസ്ഥാന യുവജനകാര്യ മന്ത്രി
ശ്രീ. സജി ചെറിയാന്‍ വെബിനാറിലൂടെ നിര്‍വ്വഹിക്കും.