മത്സ്യ മാർക്കറ്റിൽ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി
ആര്യനാട്:ആര്യനാട് മത്സ്യ മാർക്കറ്റിൽ ലോഡിംഗുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി -എ.ഐ.ടി.യു.സി തൊഴിലാളികൾ തമ്മിൽ തർക്കം.തർക്കം മൂത്തതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി.ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി ആറ് പേർക്ക് പരുക്കേറ്റു.ഐ.എൻ.ടി.യു.സി തൊഴിലാളികളായ ഹക്കിം,സുഹമ്മദ് സാജിദ്,എ.ഐ.ടി.യു.സി തൊഴൻിലാളികളായ പ്രേമൻ,ഹൈദ്രോസ്,അൻസാർ,ജയൻ എന്നിവർക്കാണ് പരുക്കേറ്റത്.
നിലവിൽ ആര്യനാട് മത്സ്യമാർക്കറ്റിൽ ഐ.എൻ.ടി.യു.സിക്കാരാണ് കയറ്റിറക്ക് നടത്തിയിരുന്നത്.ചൊവ്വാഴ്ച യൂണിയൻ ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്ത എ.ഐ.ടി.യു.സി തൊഴിലാളികളും മാർക്കറ്റിൽ പണിയ്ക്കെത്തി.ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.പുതുതായി എത്തിയവരെ പണിചെയ്യാൻ അനുദിക്കില്ലെന്ന നിലപാടിൽ ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയിലായി. ഇരുവിഭാഗത്തേയും നേതാക്കളും സ്ഥലത്തെത്തി രംഗം കൂടുതൽ വഷളായി.തമ്മിൽതല്ലിയ തൊഴിലാളികളെ ആര്യനാട് പൊലീസ് വിരട്ടിയോട്ടിച്ചു.തുടർന്ന് ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ എൻ.ആർ.ജോസ്,നെടുമങ്ങാട് ലേബർ ഓഫീസർ എന്നിവർ സ്ഥലത്തെത്തി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്ന് അറിയിച്ചു.സംഭവത്തിൽ പരുക്കേറ്റ എ.ഐ.ടി.യു.സി തൊഴിലാളികളെ ആര്യനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എ.ഐ.ടി.യു.സി നേതാക്കളായ മീനാങ്കൽ കുമാർ,ഈഞ്ചപ്പുരി സന്തു,ഇറവൂർ പ്രവീൺ എന്നിവർ ആര്യനാട് ആശുപത്രിയിൽ പരുക്കേറ്റവരെ സന്ദർശിച്ചു.ഐ.എൻ.ടി.യു.സി പ്രവർത്തകരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.