ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കാൻ എല്ലാ മണ്ഡലത്തിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് ജനകീയ യജ്‌ഞം നടപ്പാക്കും : മന്ത്രി വീണ ജോർജ്
ജീവിത ശൈലീ രോഗങ്ങൾ കുറച്ചു കൊണ്ട് വരുന്നതിനായി 140 നിയോജക മണ്ഡലങ്ങളിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് ജനകീയ യജ്‌ഞം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളുടെയും ഉദ്ഘാടനം ഓൺലൈൻ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവയും മറ്റു അനുബന്ധ രോഗങ്ങളും കുറച്ച് കൊണ്ട് വരികയാണ് പദ്ധതിയുടെ ഉദ്ദേശ്യം. മുപ്പതു വയസിനു മേൽ പ്രായമുള്ള എല്ലാവരുടെയും മെഡിക്കൽ ചെക്കപ്പ് നടത്തി റിസ്ക് ഫാക്ടർ കുറയ്ക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം മൂന്ന് പഞ്ചായത്തുകളിൽ പദ്ധതി വ്യാപിപ്പിക്കും. അങ്ങനെ മൂന്നാം വർഷമാകുമ്പോൾ എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതി പൂർത്തിയാക്കാനാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.
ഇത് കൂടാതെ കാൻസറുമായി ബന്ധപ്പെട്ട് വിവിധ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക കാൻസർ കെയർ രജിസ്റ്റർ തയ്യാറാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മവും ചടങ്ങിൽ നിര്‍വഹിച്ചു.
രണ്ട് ഘട്ടമായി 3.15 കോടി രൂപ മുടക്കിയാണ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. താഴത്തെ നിലയിൽ കൺസൾട്ടന്റ് മുറികൾ, വെയിറ്റിങ് ഏരിയ എന്നിവയും ഒന്നാമത്തെ നിലയിൽ രണ്ട് ഓപ്പറേഷൻ തീയേറ്റർ, ഡെലിവറി റൂം, വാർഡ് എന്നിവയും രണ്ടാമത്തെ നില കുട്ടികളുടെ വാർഡായുമാണ് ക്രമീകരിച്ചിരിക്കുന്നത്.
നിരവധി വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും 48 പേർക്ക് ഒരേ സമയം ഡയാലിസിസ് നടത്താൻ സാധിക്കുന്ന ഡയാലിസിസ് യൂണിറ്റായി പാറശാല താലൂക്ക് ആശുപത്രിയെ മാറ്റുന്ന പ്രവൃത്തികൾ നടന്നു വരികയാണെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെന്‍ഡാര്‍വിന്‍, വൈസ് പ്രസിഡന്റ് അൽവേഡിസ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ജു സ്മിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റു
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.