September 9, 2024

കെഎസ്ആര്‍ടിസി ശമ്പള പരിഷ്ക്കരണം നടപ്പാക്കാന്‍ തീരുമാനമായി;മന്ത്രി ആന്റണി രാജു

Share Now

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി പരിഷ്‌കരിക്കുവാന്‍ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്കെയില്‍ നിലവില്‍ വരും. 2022 ജനുവരിയിലെ ശമ്പളം മുതല്‍ പുതിയ നിരക്കിലുള്ള ശമ്പളം ലഭിച്ചു തുടങ്ങും. നിലവിലുള്ള അടിസ്ഥാന ശമ്പളം 8730/- രൂപയില്‍ നിന്നും 23,000/- രൂപയായി വര്‍ദ്ധിപ്പിക്കും. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്കെയിലില്‍ ലയിപ്പിക്കും. ഫിറ്റ്മെന്റ് അലവന്‍സ് 10 ശതമാനം നിലനിര്‍ത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് 6 മാസം പ്രസവാവധിയ്ക്ക് പുറമെ 5000 രൂപ അലവന്‍സോട് കൂടി ഒരു വര്‍ഷത്തെ ശൂന്യവേതനാവധി അനുവദിക്കും. സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീ സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പളപരിഷ്കരണത്തിലുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വീട്ടു വാടക ബത്ത 4 ശതമാനം നിരക്കില്‍ കുറഞ്ഞത് 1200/- രൂപ മുതല്‍ 5000/- രൂപ വരെ വര്‍ദ്ധിപ്പിക്കും. ‍ഡി.സി.ആര്‍.ജി. 7 ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി വര്‍ദ്ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 100 രൂപയും അധിക ബത്ത നല്‍കും. പ്രമോഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. 500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ നിയോഗിക്കും. അന്തര്‍സംസ്ഥാന ബസുകളില്‍ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡര്‍ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കല്‍ ജനറല്‍, മെക്കാനിക്കല്‍ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കല്‍ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടുകൂടി 5 വര്‍ഷം വരെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവധി അനുവദിക്കും. പൊതു അവധി 15 ആയും, നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തും. പെന്‍ഷന്‍ പരിഷ്കരണം സംബന്ധിച്ച് പെന്‍ഷന്‍കാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എംപാനല്‍ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ 3 അംഗ സമിതിയെ നിയോഗിക്കും. കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായതിനാല്‍ 2022 ജനുവരിയില്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ജീവനക്കാര്‍ക്കായി ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നത് കണക്കിലെടുത്ത് ജീവനക്കാര്‍ സംതൃപ്തരാകുമെന്നും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശബരിമലയിൽ “തത്വമസി” ആലേഖനം ചെയ്തതിനു പിന്നിൽ ആരാണെന്നു അറിയാമോ
Next post ഊർജ്ജ സംരക്ഷണ ദ്വിദിന ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.