റോഡ് കനത്ത മഴയിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു
കല്ലുവെട്ടാൻകുഴി തുംബ്ലിയോട് തമ്പുരാൻ റോഡ് കനത്ത മഴയിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു.ആളപായമില്ല. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയാണ് റോഡിൻ്റെ വശത്തുള്ള കരിങ്കൽകെട്ട് വലിയ ശബ്ദത്തോടെ റോഡ് ഇടിഞ്ഞു വാടകയ്ക്കു താമസിക്കുന്ന അഷ്റഫിൻ്റെ വീടിനു മുൻവശത്തേക്ക് വീണത്.മുൻവശത്തെ കിണറിനകത്തേക്ക് കല്ലും മണ്ണും വീണ് മൂടിയ നിലയിലാണ്.
സംഭവ സമയം വീടിനു മുന്നിൽ നിന്ന അഷ്റഫും കുടുംബവും റോഡ് ഇടിഞ്ഞു വരുന്നത് കണ്ട് പിന്നിലേക്ക് മാറിയതിനാൽ അനിഷ്ട സംഭവം ഒഴിവായി. മുൻവശത്തെ വാതിൽ തകർന്ന് കല്ലുകൾ അകത്തേക്ക് പതിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി റോഡിൻ്റെ ഈ ഭാഗം ബലക്ഷയത്താൽ താണിരുന്നു. ഇവരുടെ വീടുകൾക്കു പിന്നിലൂടെ ഒഴുകി കൊണ്ടിരുന്ന തോട് സ്വകാര്യ വ്യക്തി ഗതിമാറ്റി റോഡിനരികിലൂടെ വിട്ടിരുന്നു. ഈ വെള്ളം പരന്നൊഴുകിയാണ് റോഡിന് ബലക്ഷയം സംഭവിച്ചത്.മഴ പെയ്യുമ്പോൾ മലവെള്ളപാച്ചിൽ പോലെയാണ് വെള്ളം ഒഴുകി വീടിൻ്റെ വശങ്ങളിൽ പതിക്കുന്നത്. വെള്ളപാച്ചിലിൽ വീടുകളുടെ ചുവരുകൾക്കും പിൻവശത്തെ മതിലിനും തകരാർ സംഭവിച്ചിരുന്നു. സംരക്ഷണഭിത്തിയും ഓടയും നിർമിച്ച് ഈ വെള്ളം തുംബ്ലിയോട് തോട്ടിലേക്ക് എത്തിക്കുവാൻ വേണ്ടി പ്രദേശവാസികൾ വർഷങ്ങളായി അധികൃതരോട് പറഞ്ഞിട്ടും അവഗണിക്കുകയാണ് എന്നാണ് ആക്ഷേപം.
സംഭവ സ്ഥലത്ത് ഇരുവശത്തും പൊക്കമേറിയ പ്രദേശമായതിനാൽ ചെറിയ മഴയിൽ പോലും ഇവിടെ മലവെള്ളപാച്ചിലിന് സമാനമായ ഒഴുക്കാണ്. വെങ്ങാനൂർ വില്ലേജ് ഓഫിസറും, വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.ഇനിയെങ്കിലും റോഡിന്റെ തകരാറിനും വീട്ടുകാർക്ക് ഉണ്ടായ നഷ്ടത്തിനും പരിഹാരം സമയബന്ധിതമായി കാണണമെന്ന ആവശ്യമാണ് ഉള്ളത്.