കെ ആർ നാരായണൻ പ്രത്യാശയുടെ പാഠപുസ്തകം: സ്പീക്കർ എം ബി രാജേഷ്
തിരുവനന്തപുരം: വളർന്നു വരുന്ന തലമുറകൾക്കു പ്രത്യാശയുടെ പാഠപുസ്തകമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണനെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കി കെ ആർ നാരായണൻ ഫൗണ്ടേഷനു കൈമാറിയ കെ ആർ നാരായണൻ്റെ ഔദ്യോഗിക പ്രസംഗങ്ങളുടെ സമാഹരണ ഗ്രന്ഥങ്ങൾ കെ ആർ നാരായണൻ്റെ ചരമവാർഷികത്തോടനുബന്ധിച്ചു ജനപ്രതിനിധികൾക്കു സൗജന്യമായി വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. പ്രതിസന്ധികളിൽ തളരരുതെന്ന സന്ദേശമാണ് കെ ആർ നാരായണൻ്റെ ജീവിതം. പ്രതിസന്ധികളോട് നിരന്തരം പോരാടി ജീവിതവിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞതായും സ്പീക്കർ പറഞ്ഞു. പുസ്തകങ്ങൾ മാണി സി കാപ്പൻ എം എൽ എ യിൽ നിന്നും സ്പീക്കർ ഏറ്റുവാങ്ങി.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ ആർ അജിരാജകുമാർ, സാബു എബ്രാഹം, ജോസ് പാറേക്കാട്ട്, സാംജി പഴേപറമ്പിൽ, പ്രിൻസ് ബാബു എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ ജി ആർ അനിൽ, ആൻ്റണി രാജു, പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങിയവർക്കും പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ കൈമാറി.
പുസ്തകങ്ങൾ പുറത്തിറക്കിയിരിക്കുന്നത് മിനിസ്റ്ററി ഓഫ് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗിൻ്റെ കീഴിലുള്ള പബ്ളിക്കേഷൻ ഡിവിഷനാണ്.രണ്ടു വാള്യങ്ങളിലായി 719 പേജുകളുള്ള ഹാർഡ് ബൈൻഡ് ചെയ്ത പുസ്തകങ്ങൾക്ക് 875 രൂപ വിലയുണ്ട്. കെ ആർ നാരായണൻ്റെ 160 ൽ പരം പ്രസംഗങ്ങളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.കേരള നിയമസഭയിൽ നൽകിയ സ്വീകരണം, പാലാ നഗരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷം, ഉഴവൂരിൽ നൽകിയ സ്വീകരണം, നെടുമ്പാശ്ശേരി വിമാനത്താവള ഉദ്ഘാടനം എന്നീ അവസരങ്ങളിൽ നടത്തിയ പ്രസംഗങ്ങളും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടൊപ്പം കെ ആർ നാരായണൻ നൽകിയ നിരവധി സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.