September 19, 2024

കയര്‍ ഭൂവസ്ത്ര വിതാനം: ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

Share Now

കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു . ആറ്റിങ്ങല്‍ ചെമ്പകമംഗലത്തെ കണിമംഗലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്ന സെമിനാര്‍ കയർ വികസന വകുപ്പ് ഡയറക്ടറും ഫുഡ്‌ സേഫ്റ്റി കമ്മീഷണറുമായ വി. ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിന് ഏറ്റവും ഉചിതമായ മാർഗമാണ് കയർ ഭൂവസ്ത്ര വിതാനം. കയറിന് വെള്ളത്തെ ആഗിരണം ചെയ്യാനും കനാലുകളെ ബലപ്പെടുത്താനും സാധിക്കുന്നു . പ്രകൃതിയോട് ഇണങ്ങി ചേരുന്ന കയറിന് പ്രളയത്തെ അതിജീവിക്കാനും മണ്ണിന്റെ സന്തുലിതാവസ്ഥ നിലനിർത്തികൊണ്ട് മനുഷ്യന് മികച്ചൊരു ജീവിത സാഹചര്യം ഒരുക്കിനൽകാനും സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .

1.5 ലക്ഷത്തോളം ആളുകൾ കയർ വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. മറ്റ് ഫൈബറുകളെ അപേക്ഷിച്ച് ഏറെക്കാലം ഈടുനിൽക്കുന്ന കയറിന് ഇന്ത്യയിലുടനീളം വിപണന സാധ്യത നേടിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കയർഫെഡ് മാനേജിങ് ഡയറക്ടർ സി. സുരേഷ് പറഞ്ഞു.

കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ചു കയർഫെഡ് ജനറൽ മാനേജർ ബി. സുനിൽ സെമിനാറിൽ വിഷയാവതരണം നടത്തി. തുടർന്ന് തൊഴിലുറപ്പും കയർ ഭൂവസ്ത്ര സംയോജിത പദ്ധതിയുടെ സാധ്യതകളെപ്പറ്റി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ
ഡോ . ടി. ഷാജി സംസാരിച്ചു.

കയര്‍ഫെഡ് പ്രസിഡന്റ് എന്‍.സായികുമാര്‍ അധ്യക്ഷത വഹിച്ച സെമിനാറിൽ കയർ വികസന വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എം.ജി.എന്‍.ആര്‍.ഇ.എസ് ഉദ്യോഗസ്ഥര്‍, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡിസംബർ 17 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
Next post റോഡ് കനത്ത മഴയിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.