വ്യാപാരി ദിനം: ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചു.
കോവിഡ് പ്രതിരോധനത്തിന് നേരിട്ട് സഹായമെത്തിക്കും-ജോബി. വി. ചുങ്കത്ത്
കോവിഡ് പ്രതിരോധനത്തിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നിട്ടിറങ്ങുമെന്നും മഹാമാരിയെ തുരത്താൻ ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികൾക്ക് സംഘടന രൂപം നൽകിയെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി. വി. ചുങ്കത്ത് പറഞ്ഞു.
കേന്ദ്ര സർക്കാർ വ്യാപാരി ദിനമായി പ്രഖ്യാപിച്ച ആഗസ്റ്റ് 9 സേവന ദിനമായി പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം സുൽത്താൻ ബത്തേരിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിവിധ യൂണിറ്റുകളിലായി സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾക്കു തുടക്കം കുറിച്ചു. ഭൂരിപക്ഷം യൂണിറ്റുകളിലും സൗജന്യ കോവിഡ് നിർണയ സെന്ററുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1600 ൽ അധികം പേർക്ക് ഇതിനോടകം തന്നെ സൗജന്യ വാക്സിനേഷൻ നൽകിയ സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷനെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു. ജില്ലാ അടിസ്ഥാനത്തിൽ സംഘടന രൂപീകരിക്കുന്ന കോവിഡ് അവയർണസ് സ്ക്വാഡുകൾ എല്ലാ പ്രദേശങ്ങളിലും സഞ്ചരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി പ്രത്യേക പരിശീലനം നൽകും. തുടർ ദിവസങ്ങളിൽ കോവിഡ് അവയർണസ് സ്ക്വാഡുകളുടെ പ്രവർത്തനം എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജു. പി. വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നദീർ പൂനത്തിൽ, അനിൽ കൊട്ടാരം, പി. കെ. റഹീം, ഹംസ, റസാഖ് വയനാട്, മാത്ത്യൂസ്, ബാബു ഹാപ്പി തുടങ്ങിയവർ സംസാരിച്ചു.