കാർബൺ ന്യൂട്രൽ കാട്ടാക്കട: സൗര ശില്പശാല സംഘടിപ്പിച്ചു.
കാട്ടാക്കട: കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി, എം.എൻ.ആർ.ഇ, എൽ.എസ്.ജി.ഡി, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗര ശില്പശാല സംഘടിപ്പിച്ചു. ഐ.ബി.സതീഷ് എം.എൽ.എ ശില്പശാല ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലത്തിലെ സാധ്യമാകുന്ന പരമാവധി വീടുകളിൽ സൗരോർജ്ജ വൈദ്യുത ഉദ്പാദനം ലക്ഷ്യമിടുന്ന സൗര – സബ്സിഡി പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ സർക്കാർ ബഡ്ജറ്റിൽ തുക അനുവദിച്ചിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പൊതു സ്ഥാപനങ്ങൾക്ക് പുറമേ മണ്ഡലത്തിലെ പരമാവധി വീടുകളിൽ പുരപ്പുറ സൗരോർജ്ജ പദ്ധതി കൂടി സ്ഥാപിക്കുക വഴി കാട്ടാക്കട മണ്ഡലത്തെ കേരളത്തിലെ ആദ്യത്തെ സൗരോർജ്ജ സൗഹൃദ മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. നമുക്കാവശ്യമായ വൈദ്യുതി നമ്മുടെ വീടുകളിൽ തന്നെ സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിക്കുക, അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡ് വഴി പൊതു വൈദ്യുതി ശൃംഖലയിലേക്ക് നൽകുക, ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുക, അതുവഴി കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജജ പദ്ധതിയുടെ വിവരങ്ങളും സബ്സിഡി വിവരങ്ങളും ശില്പശാലയിൽ അവതരിപ്പിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.എസ്.ഇ.ബി സൗര ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ മധുലാൽ സ്വാഗതമാശംസിച്ചു. റിപ്പോർട്ട് അവതരിപ്പിച്ചു. ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയെ പറ്റി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി, വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലാലി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രേണുക, ശാന്താ പ്രഭാകരൻ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.