September 11, 2024

മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്‌കാരം പ്രശസ്ത ഓങ്കോളജി സര്‍ജന്‍ ഡോ. തോമസ് വറുഗീസിന്

Share Now

കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. തോമസ് വറുഗീസ് മുംബൈയില്‍ വച്ച് നടന്ന മൂന്നാം ഇന്ത്യന്‍ കാന്‍സര്‍ കോണ്‍ഗ്രസ് (ICC) 2023 ല്‍ ഏറ്റവും മികച്ച ശാസ്ത്ര പ്രബന്ധത്തിനുള്ള ബഹുമതി ലഭിച്ചു.
അർബുദ ചികിത്സയിൽ അവലംബിക്കാൻ കഴിയുന്ന സുപ്രധാനമായ മൂന്ന് കാര്യങ്ങളെ മുൻനിർത്തിയാണ് പ്രബന്ധം തിരഞ്ഞെടുത്തത്. സ്തനാര്‍ബുദം ബാധിച്ച വ്യക്തികളുടെ സ്തനങ്ങള്‍ നീക്കം ചെയ്യാതെയുള്ള ശാസ്ത്രചികിത്സ, ചെറുപ്പക്കാരിലെ സൗന്ദര്യവര്‍ദ്ധക കാന്‍സര്‍ സര്‍ജറിയുടെ ഭാഗമായ സ്കാര്‍ലെസ് തൈറോയ്ഡ് ശസ്ത്രക്രിയ, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കുന്നതില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യവും പങ്കും എന്നതായിരുന്നു ഡോ തോമസ് വറുഗീസ് തന്റെ പ്രബന്ധത്തിലൂടെ അവതരിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ക്യാൻസർ ചികിത്സകർക്കിടയിൽ നിന്നുമാണ് ഡോ. തോമസിന്റെ പ്രബന്ധം തിരഞ്ഞെടുത്തത്.
അവാര്‍ഡ് ലഭിക്കാന്‍ കാരണമായ പ്രബന്ധത്തിലെ സുപ്രധാന പോയിന്‍റുകള്‍ കൊച്ചിയില്‍ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമായി ഡോ.തോമസ് കഴിഞ്ഞ ദിവസം പങ്കു വച്ചു. മെഡിക്കല്‍ ഗവേഷണം, ജനിതക മൂല്യനിര്‍ണ്ണയം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്ര പരിജ്ഞാനം എന്നിവയിലെ പുരോഗതിക്കൊപ്പം കാന്‍സര്‍ സര്‍ജറികളിലെ ഫലവത്തായ മാറ്റങ്ങളും, പുരോഗതിയും വളര്‍ച്ചയും അദ്ദേഹം വിശദീകരിച്ചു.
സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന രോഗപ്രതിരോധ പരിചരണം, സൗന്ദര്യവര്‍ദ്ധക കാന്‍സര്‍ ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് ഊന്നല്‍ കൊടുക്കുന്ന സ്തനാര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരില്‍ സ്തനാര്‍ബുദം വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഈ വിഷയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ‘സ്തന സംരക്ഷണത്തിലും ഓങ്കോപ്ലാസ്റ്റിക് രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമീപനം സ്തനാബുര്‍ദബാധിതരായ സ്ത്രീകളുടെ ആത്മവിശ്വാസം സംരക്ഷിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ സഹായകരമാകും.
കോസ്മെറ്റിക് ക്യാന്‍സര്‍ സര്‍ജറിയിലൂടെ ശസ്ത്രക്രിയയുടെ പാടുകള്‍ ശരീരത്തില്‍ അവശേഷിപ്പിക്കാതെ നടത്തുന്ന ചികിത്സയുടെ ഉദാഹരണമാണ് സ്കാര്‍ലെസ് തൈറോയ്ഡ് ശസ്ത്രക്രിയ. ചെറുപ്പക്കാരായ സ്ത്രീകളില്‍ ഈ ശസ്ത്രക്രിയയുടെ പ്രാധാന്യം ഏറെയാണ്. അവരായിരിക്കും ഈ ശസ്ത്രക്രിയയുടെ പ്രധാന ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.
പോഷകാഹാരം കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കുന്നു എന്ന് തെളിവുകളെ അടിസ്ഥാനമാക്കി നടത്തിയ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ അദ്ദേഹം വിശദീകരിച്ചു. അതിവിപുലമായ ക്ലിനിക്കല്‍ ഡാറ്റയെ അടിസ്ഥാനമാക്കി, കീമോതെറാപ്പിക്ക് ശേഷം രോഗികള്‍ അനുഭവിക്കുന്ന ശാരീരിക വൈഷമ്യങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിന് ഭക്ഷണക്രമത്തില്‍ പച്ചച്ചക്കയുടെ പൊടി (ജാക്ക് ഫ്രൂട്ട് പൗഡര്‍) ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യവും പങ്കും അദ്ദേഹം വിശദീകരിച്ചു. കീമോതെറാപ്പിക്ക് ശേഷം ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ ഒഴികെ വായ്പുണ്ണ്, വായിലെ രക്തസ്രാവം, ഭക്ഷണം കഴിക്കാനുള്ള പ്രയാസം, രോഗിയുടെ വായിലും യോനിയിലും ബാധിക്കാറുള്ള ഫംഗസ് അണുബാധ, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് ചക്കപ്പൊടി ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം ഏറെ സഹായകരമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
2020- ല്‍ 50 രോഗികളെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ കൂടാതെ കോവിഡ് കാലഘട്ടത്തില്‍ 180 കോവിഡ് രോഗികള്‍ അടക്കം 1000-ത്തോളം അര്‍ബുദരോഗികളില്‍ കീമോതെറാപ്പി സമയത്തെ പോഷകാഹാരശീലം പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കുന്നതില്‍ വളരെ ആശ്വാസദായകം ആണെന്നും ഡോ. തോമസ് തന്റെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ഓങ്കോളജി ചികിത്സാ മേഖലയില്‍ 30 വര്‍ഷത്തിലേറെ പ്രായോഗികജ്ഞാനമുള്ള ഡോ. തോമസ് വറുഗീസ്, കേരളത്തിലെ ആദ്യകാല മിഷന്‍ ആശുപത്രികളില്‍ ഒന്നായ മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കുക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ മുംബൈ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്‍ററിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന് ലോകപ്രശസ്ത ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളായ എംഎസ്കെസിസി, ന്യൂയോര്‍ക്ക്, എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍റര്‍ ഹ്യൂസ്റ്റണ്‍, വാഷിംഗ്ടണ്‍ കാന്‍സര്‍ സെന്‍റര്‍, ഡിസി, ജുണ്ടെന്‍ഡോ യൂണിവേഴ്സിറ്റി, ടോക്കിയോ എന്നിവിടങ്ങളില്‍ നിന്നുള്ള അനുഭവ പരിചയവും ഉണ്ട്.
ചടങ്ങില്‍ സംസാരിച്ച സെന്‍റ് ജോസഫ്സ് ആശുപത്രിയുടെ ഡയറക്ടര്‍ ഫാദര്‍ ലാല്‍ജൂ പോളപ്പറമ്പില്‍ ആശുപത്രിയുടെ സര്‍വോതോമുഖമായ വളര്‍ച്ചക്കും വികാസത്തിനുമുള്ള പദ്ധതികളെ പറ്റി വിശദീകരിച്ചു. എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്, കാര്‍ഡിയോളജി, ഗ്യാസ്ട്രോ, ഗൈനക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ആഗോളതലത്തില്‍ മികവുള്ള സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുള്ളു പദ്ധതികള്‍ ആണ് വിഭാവന ചെയ്തിട്ടുള്ളത്. 1000 കിടക്കകളുള്ള ആശുപത്രിയുടെ നിര്‍മ്മാണത്തിനായി 300 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം

This article is owned by the Rajas Talkies and copying without permission is prohibited.