September 17, 2024

സാമൂഹിക സാക്ഷരതയും സാക്ഷരതയുടെ ഭാഗം മന്ത്രി വി. ശിവൻകുട്ടി

Share Now

സാമൂഹിക സാക്ഷരതയും സാക്ഷരതയുടെ ഭാഗമാണെന്ന ബോധ്യത്തിലേക്കു മാറ്റെടുക്കാൻ കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പട്ടികവർഗവിഭാഗങ്ങൾ, പട്ടികജാതിക്കാർ, തീരദേശവാസികൾ, ചേരിനിവാസികൾ, ട്രാൻസ്ജെൻഡേഴ്സ്, അതിഥി തൊഴിലാളികൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ടവരെ തുടർവിദ്യാഭ്യാസത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ പ്രധാന നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച സാക്ഷരതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നവ സാക്ഷരർക്കു തുടർ വിദ്യാഭ്യാസത്തിനുളള അവസരവും സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിപ്പോയ 15 വയസിനു മുകളിൽ പ്രായമുള്ളവർക്കു പഠിക്കുവാനുള്ള സൗകര്യവും നിരക്ഷരരെ സാക്ഷരരാക്കാനുള്ള സൗകര്യവും കേരളം ഒരുക്കിയത് സാക്ഷരതാ നിരക്ക് ഉയർത്തുന്നതിന് സഹായകരമായെന്നു മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി പല മേഖലകളിലുള്ളവരെയും സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ സർക്കാരിന് കഴിഞ്ഞു.

സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക് ഉയർത്തുന്നതിൽ സാക്ഷരതാ പ്രേരക്മാർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിരക്ഷരരുടെ തുടർവിദ്യാസത്തിന് ഊന്നൽ നൽകാൻ പ്രേരക്മാർ കൂടുതൽ ശ്രദ്ധിക്കണമെന്നും എഴുത്തും വായനയും അറിയാത്തവരെ അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൂടി അവരെ പഠിപ്പിക്കാൻ പ്രേരക്മാർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ സാക്ഷരതാ മിഷൻ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അസാപിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
Next post വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

This article is owned by the Rajas Talkies and copying without permission is prohibited.