കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം: മന്ത്രി ജെ. ചിഞ്ചുറാണി
ഒരു വർഷത്തിനകം മലപ്പുറത്ത് കേരളത്തിന്റെ സ്വന്തം പാൽപ്പൊടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 53 കോടി രൂപ ചെലവഴിച്ചാണു ഫാക്ടറി സ്ഥാപിക്കുന്നത്. ഇതോടെ അധികം വരുന്ന പാൽ വിൽക്കാനാകാതെ വിഷമിക്കുന്ന ക്ഷീരകർഷകരുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ ആരംഭിക്കുന്ന ആദ്യ കിടാരി പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ കിടാരി പാർക്കാണു വലിയതുറയിൽ ആരംഭിക്കുന്നത്. 50 കിടാരികളെ വളർത്താൻ ശേഷിയുള്ള പാർക്കാണ് ഫാമിൽ നിർമിക്കുന്നത്. കേരളത്തിലെ ക്ഷീരമേഖല ശക്തിപ്പെടുത്താനുള്ള ക്ഷീരവികസന വകുപ്പിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണു കിടാരി പാർക്ക്. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ആവശ്യമായ പശുക്കളെ സർക്കാർ ചെലവിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാണു പദ്ധതിവഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
അന്യം നിന്നുപോകുന്ന നാടൻ ഇനങ്ങളെയും അധികം പാൽതരുന്ന പുതിയ ഇനം പശുക്കളെയും ചേർത്ത് കൂടുതൽ രോഗപ്രതിരോധ ശേഷിയുള്ള സങ്കരയിനങ്ങളെ കേരളത്തിൽത്തന്നെ വികസിപ്പിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് അധികം പാൽ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഫാമിൽ പശുക്കളെ വളർത്തി ക്ഷീരകർഷകർക്ക് നൽകാനും പശുക്കൾക്ക് ആവശ്യമുള്ള പുല്ല് ഇവിടെ തന്നെ ഉല്പാദിപ്പിക്കാനുമുള്ള സംയോജിതമായി പരിപാടിയാണ് കിടാരി പാർക്കിന്റെ നിർമാണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 മാർച്ചിൽ പാർക്കിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നും നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ തൊഴിൽ നൽകാൻ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കൗൺസിലർമാരായ ജെ സുധീർ, മിലാനി പെരേര, വി.എസ്. സുലോചനൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടി.കെ. അനികുമാരി, സ്റ്റേറ്റ് ഡയറി ലാബ് ജോയിന്റ് ഡയറക്ടർ സി. സുജയ്കുമാർ, ഫാം ഹെഡ് പി.എം രാധിക തുടങ്ങിയവർ പങ്കെടുത്തു