മന്ത്രിയെ പറ്റിക്കാൻ എങ്കിലും ഒടുവിൽ റോഡിൽ കുഴികളിൽ ടാർ പുരണ്ടു.
കാട്ടാക്കട:
മന്ത്രിയെ പറ്റിക്കാൻ എങ്കിലും ഒടുവിൽ കാട്ടാക്കട പട്ടണത്തിൽ റോഡിലെ കുഴികളിൽ ടാർ പുരണ്ടു. കാട്ടാക്കട നെയ്യാർ ഡാം കാട്ടാക്കട മണ്ഡപത്തിന്ങ്കടവ് റോഡ് കുഴിയും ചരലും പൊടിപടലവും ഒക്കെയായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇടക്കിടെ അറ്റകുറ്റ പണി എന്ന പേരിൽ ടാർ തേച്ചു ചല്ലി നിരത്തി പോകുന്ന സൂത്ര പണി നടക്കുന്നുണ്ട്.ഇതു യുവജന സംഘടകളും നാട്ടുകാരും ഒക്കെ അപാകത ചൂണ്ടി കാണിച്ചു രംഗത്തു എത്തിയെങ്കിലും കുഴി അടച്ചു കാണുന്നതിലെ വിരോധം എന്ന പേരിൽ അവരെ ഒക്കെ അധിക്ഷേപിച്ചു അയച്ചു കുഴിയടപ്പ് പൂർത്തീകരിച്ചു.ഇതും ദിവസങ്ങലക്കുള്ളിൽ ഒലിച്ചു പോയി.ശേഷം ആഴ്ചകൾക്ക് മുൻപും എം എൽ എ പറഞ്ഞു എന്നപേരും പറഞ്ഞു കാട്ടാക്കട ജംഗ്ഷനിലും പോലീസ് സ്റ്റേഷന് മുന്നിലും ഒക്കെ വഴിയാത്രക്കാരെ തെന്നിച്ചു തള്ളിയിടനായി ചല്ലി പൊടി നിരത്തി കരാറുകാരന് കീശ നിറച്ചു.രണ്ടു ദിവസം കഴിഞ്ഞു പെയ്ത മഴയിൽ ചല്ലി പൊടിയെല്ലാം ഒരം പറ്റി.
എന്നാൽ ഇതിന്റെ പരാതി ഉയരുന്നതിനു മുൻപു കഴിഞ്ഞ ദിവസം ഒറ്റ രാത്രി കൊണ്ടു വീണ്ടും ചല്ലി തൂകി ടാർ നിരത്തി നേരം വെളുത്തപ്പോൾ കുഴികളെല്ലാം അപ്രത്യക്ഷമായി.വീണ്ടും കുഴിയടപ്പ് പ്രഹസനം അരങ്ങേറാൻ ഇപ്പോൾ കാരണം മന്ത്രി എന്നത് യാദൃശ്ചികമാണ്. മൂന്നര കോടി മുടക്കി മൈലോട്ടുമൂഴി ആമച്ചൽ ചായ്ക്കുളം റോഡിന്റെയും 100 കോടി മുടക്കി കാട്ടാക്കട ടൌൺ വികസനത്തിന് ഭൂമി ഏറ്റെടുക്കലും കല്ലിടീൽ ഉദ്ഘാടനത്തിനും മന്ത്രി മുഹമ്മദ് റിയാസ് എത്തുമ്പോൾ കുഴിയിൽപെടതിരിക്കാനാണ് ഇപ്പോഴത്തെ പ്രഹസനം. തിങ്കളാഴ്ച വൈകുന്നേരം.നാലുമണിക്കാണ് മന്ത്രി എത്തുക.മന്ത്രിയുടെ സുഗമമായ യാത്രക്ക് പാത ഒരുങ്ങി തത്കാലം വഴിയാത്രക്കാർക്കും ആശ്വാസം എങ്കിലും അടുത്ത മഴ കഴിയുമ്പോൾ വീണ്ടും പ്രമുഖരുടെ യാത്രകൾക്ക് മുന്നോടിയായി ഈ പ്രഹസനം ആവർത്തിക്കും..