ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.
മാറനല്ലൂർ :
കൂലിപ്പണിക്ക് പോവുകയായിരുന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും, സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ പോവുകയായിരുന്ന സ്വകാര്യ ടെമ്പോവാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ ജീവൻ നടുറോഡിൽ പൊലിഞ്ഞു.ചൊവാഴ്ച രാവിലെ എട്ടുമണിക്ക് മാറനല്ലൂർ മലയിൻകീഴ് റോഡ് തിരിയുന്ന കവലയിൽ നിന്നും 100 മീറ്റർ മാറി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ മുന്നിലായിരുന്നു അപകടം. മാറനല്ലൂർ, പുത്തൻകാവുവിള, കാട്ടുവിള, മംമൂലിതലക്കൽ തോട്ടരികത്ത് വീട്ടിൽ പാറ തൊഴിലാളിയായ ഷിബുവിന്റെയും വീട്ടമ്മയായ ലതയുടെയും മകൻ എസ്. ബിനീഷ് (19) ആണ് മരിച്ചത്. ടൈൽസ് വർക്കിന്റെ കൂലിത്തൊഴിലാളിയായ ബിനീഷ് തിരുവനന്തപുരത്ത് ജോലിക്ക് പോവുകയായിരുന്നു. സ്വകാര്യ സ്കൂളിലെ കുട്ടികളെ കയറ്റാൻ ചീനിവിള ഭാഗത്ത് നിന്നും എതിരേവരികയായിരുന്ന ടെമ്പോവാനിന്റെ മുൻഭാഗത്തേക്ക് ബിനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബൈക്കിനെയും ബിനീഷിനെയും പുറത്തെടുക്കാൻ നോക്കിയെങ്കിലും കഴിയാതെവന്നതോടെ നിമിഷങ്ങൾക്കകം എത്തിയ മാറനല്ലൂർ പോലീസ് വിളിച്ചുവരുത്തിയ ജെസിബി ഉപയോഗിച്ചാണ് ടെമ്പോവാനിന്റെ മുൻഭാഗം പൊളിച്ച് പുറത്തേക്കെടുത്തത്. അപ്പോഴേക്കും യുവാവിന്റെ ജീവൻ പൊലിഞ്ഞിരുന്നു. നിർധനകുടുംബത്തിന്റെ അത്താണിയായിരുന്നു ബിനീഷ്. പാറത്തൊഴിലാളിയായിരുന്ന പിതാവ് ഷിബു എന്ന ബിനുവിന് ആസ്തമയും അലർജിയും ആയതുകാരണം പണിയെടുക്കാൻ കഴിയാതെ വന്നതോടെയാണ് ബിനീഷ് പഠനം പാതിവഴിക്ക് നിർത്തി കൂലിപ്പണിക്കിറങ്ങിയത്. മൂത്തസഹോദരി ബിനില വിവാഹിതയാണ്. മാറനല്ലൂർ പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം കഴിഞ്ഞ് ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു