സ്വപ്ന സുരേഷ് മോചിതയായി.എല്ലാ കേസുകൾക്കും ജാമ്യം
തിരുവനന്തപുരം വിമാനത്താവളം വഴി യുഎ ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. രാവിലെ സ്വപ്‌നയുടെ അമ്മ പ്രഭ അട്ടക്കുളങ്ങര വനിത ജയിയില്‍ എത്തി രേഖകള്‍ എല്ലാം ജയില്‍ സൂപ്രണ്ടിനു കൈമാറിയിരുന്നു. ഒരു വര്‍ഷവും നാലു മാസവും തടവിലായിരുന്ന സ്വപ്ന അമ്മയുടെ കൈപിടിച്ചാണ് ജയിലിനു പുറത്തെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. 2020 ജൂലൈ 11നാണ് കേസില്‍ ബംഗളൂരുവില്‍ വച്ച് സ്വപ്ന അറസ്റ്റിലായത്.
ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമാണ് ഉപാധികള്‍. പാസ്‌പോര്‍ട്ട് കോടതിയില്‍ ഏല്‍പിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍. അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയില്‍ ഹാജരാക്കിയത്. സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാന്‍ഡ് ചെയ്തിരുന്നത്. ഇതില്‍ എല്ലാ കേസുകളിലും ജാമ്യമായി.
കഴിഞ്ഞ വര്ഷം ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കു വന്ന നയതന്ത്രബാഗില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയിരുന്ന സരിത്തിനെയാണ് ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് സ്വപ്നയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഉള്‍പ്പടെ അറസ്റ്റിലായി.