September 19, 2024

വാതിൽപ്പടി സേവനം: ആദ്യഘട്ടം ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ.

Share Now

കാട്ടാക്കട:
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വാതിൽപ്പടി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കും.പ്രയാധിക്യം, ഗുരുതരരോഗം,അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയും മറ്റു പ്രശ്‌നങ്ങളാലും അടിസ്ഥാന സർക്കാർ സേവനങ്ങൾ യഥാസമയം ലഭ്യമാകാതെയുമിരിക്കുന്ന ജനവിഭാഗങ്ങൾക്ക് വീട്ടുപടിക്കൽ സർക്കാർ സേവനങ്ങളും ജീവൻരക്ഷാ മരുന്നുകളും എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. പദ്ധതി സംസ്ഥാനതലത്തിൽ സെപ്റ്റംബർ 15ന് ആരംഭിക്കും.

സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ 38 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ ആദ്യഘട്ടത്തിൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാട്ടാക്കട,മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ജില്ലാതല സമിതി യോഗം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.ഐ.ബി. സതീഷ് എംഎൽഎ, ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ-സെക്രട്ടറിമാർ,വാതിൽപ്പടി സേവനം ജില്ലാതല സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലാ കളക്ടർ യോഗത്തിൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.നിരവധി മാതൃകാ പദ്ധതികൾ നടപ്പാക്കുന്ന കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഇത്തരമൊരു മാതൃകാ പദ്ധതി ആദ്യമായി നടപ്പാക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഐ.ബി. സതീഷ് എംഎൽഎ പറഞ്ഞു.തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർ സേവനതല്പരരും സമർപ്പണമനോഭാവവുമുള്ളവരുമായിരിക്കണമെന്നും പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക സുതാര്യമായിരിക്കണമെന്നും എംഎൽഎ പറഞ്ഞു.പദ്ധതി ആദ്യമായി നടപ്പാക്കുന്നതിൽ നിന്നുള്ള അനുഭവത്തിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നു കളക്ടർ പറഞ്ഞു.പദ്ധതിപ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെയും സാമൂഹ്യ സന്നദ്ധസേന ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ജില്ലാ ഭരണകൂടം പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.ആദ്യഘട്ടത്തിൽ മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ സേവനങ്ങളാകും നൽകുക.സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനു നേതൃത്വം നൽകും.കൂടാതെ ജനപ്രതിനിധികൾ,ആശാ വർക്കർമാർ,കുടുംബശ്രീ-അക്ഷയ പ്രവർത്തകർ എന്നിവർ ഇതിന്റെ ഭാഗമായി പ്രവർത്തിക്കും.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ആശാവർക്കർമാരുടെ സഹായത്തോടെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഓരോ വാർഡുകളിൽ നിന്നും മൂന്നു സന്നദ്ധ പ്രവർത്തകർ എന്ന നിലയിൽ സന്നദ്ധസേനാ പോർട്ടലിൽ രജിസ്റ്റർ ചെയ്തു വരുന്നു.ഇവർക്ക് കിലയുടെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം നൽകും. അഭിമുഖം വഴി തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും. തുടർന്ന് സെപ്റ്റംബർ 15ന് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ടേക്ക് എ ബ്രേക്ക്: ജില്ലയിൽ 13 കേന്ദ്രങ്ങൾ നാളെ തുറക്കും
Next post ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

This article is owned by the Rajas Talkies and copying without permission is prohibited.