മഹാമാരിയിൽ നിന്നും മോചനം; ഇബനീസറിനും കൃഷ്ണദാസിനും ആശ്വാസം
തിരുവനന്തപുരം: നൂറു തികഞ്ഞ ഇബനീസറും 98 വയസു കഴിഞ്ഞ കൃഷ്ണദാസും ഇന്ന് ആശ്വാസത്തിലാണ്. കോവിഡ് എന്ന പുതുതലമുറ രോഗം ഈ ജീവിത സായാഹ്നത്തില്‍ തങ്ങളെയും ബാധിച്ചുവെന്നത് ആശങ്കയുണര്‍ത്തിയെങ്കിലും അവര്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ആശുപത്രി വാസം ഒരു ഘട്ടത്തിൽ പോലും ഒറ്റപ്പെടലിൻ്റെ വേദന സമ്മാനിച്ചിരുന്നുമില്ല. സംസ്ഥാന സർക്കാർ ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ള നൂതന ചികിത്സാ സൗകര്യങ്ങൾ മുതൽ ഡോക്ടര്‍മാരും നേഴ്സുമാരും മുതല്‍ ശുചീകരണ ജീവനക്കാർ വരെയുള്ളവരുടെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയുള്ള സമീപനം വരെ അതിനു കാരണമായി.
രോഗമുക്തനായ കാഞ്ഞിരംകുളം സ്വദേശി ഇബനീസര്‍ ആരോഗ്യം വീണ്ടെടുക്കുകയും കഴിഞ്ഞദിവസം ആശുപത്രി വിടുകയും ചെയ്തു. കടുത്ത ശ്വാസതടസത്തെതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡിൻ്റെ ഭാഗമായ ബ്രോങ്കോന്യുമോണിയയാണെന്ന് സ്ഥിരീകരിച്ചു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇബനീസര്‍ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. മികച്ച പരിചരണവും കരുതലുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അച്ഛന് ലഭിച്ചതെന്ന് ഇബനീസറിന്‍റെ മകന്‍ ജോസ് പറഞ്ഞു.
ആറ്റിങ്ങല്‍ സായിഗ്രാമത്തിലെ വയോജനകേന്ദ്രത്തിലെ അന്തേവാസിയായ കൃഷ്ണദാസും രോഗമുക്തനായി. പരിശോധനകൾക്കു ശേഷം ഇന്ന് അദ്ദേഹം ആശുപത്രി വിടും. എറണാകുളം കാലടിയിൽ നിന്ന് 15 വർഷം മുമ്പാണ് കൃഷ്ണദാസ് സായി ഗ്രാമത്തിലെത്തുന്നത്. ഹിമാലയം താണ്ടിയിട്ടുള്ള അദ്ദേഹം മൂന്നോളം ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഏറ്റവും പുതിയ പുസ്തകത്തിൻ്റെ രചനയുടെ പൂർത്തീകരണ ഘട്ടത്തിലാണ് രണ്ടാഴ്ച മുമ്പ് കോവിഡ് ബാധിക്കുന്നത്. മടങ്ങിപ്പോയ ശേഷം പുസ്തകം പുറത്തിറക്കാനുള്ള ജോലിയിൽ കൃഷ്ണദാസ് വ്യാപൃതനാകും. വാർധക്യത്തിൻ്റെ അരിഷ്ടതകൾക്കിടയിൽ പിടിപെട്ട മഹാമാരിയിൽ നിന്നും മോചനമേകിയ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കും സ്വന്തം മക്കളെപ്പോലെ കരുതലും ശുശ്രൂഷയും നൽകിയ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും നന്ദി പറയുകയാണ് ഇബനീസറും കൃഷ്ണദാസും.
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കെതിരെ ചില കോണുകളിൽ നിന്നുയരുന്ന ആക്ഷേപങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് രോഗമുക്തിനേടി മടങ്ങുന്ന ഇബനീസറിന്‍റെയും കൃഷ്ണദാസിന്‍റെയും അനുഭവസാക്ഷ്യം.