ഉണർവ്വ് 2021: മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
സ്‌പെഷ്യൽസ്‌കൂൾ കുട്ടികൾ നിർമ്മിച്ച കരകൗശലവസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.
അന്താരാഷ്ട്ര ഭിന്നശേഷിദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ഉണർവ്വ് 2021 ഓൺലൈൻ കലാമത്സരങ്ങളിലെ വിജയികൾക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സമ്മാനങ്ങൾ വിതരണം ചെയ്തു. പാളയം സെൻട്രൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വിദ്യാധരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.ഷൈനിമോൾ, ഭിന്നശേഷി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ സ്‌പെഷ്യൽ സ്‌കൂളുകളിലെ കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും ഉണർവ്വ് 2021ന്റെ ഭാഗമായി ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചിരുന്നു. ഇവയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ നിർവഹിച്ചു. ജില്ലയിലെ 15 ബഡ്സ് സ്‌കൂളുകൾ, 16 സ്പെഷ്യൽ സ്‌കൂളുകൾ, നിഷ്, സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സ്റ്റാളുകളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. കരകൗശല വസ്തുക്കളുടെ പ്രദർശന സ്റ്റാളുകൾ ജില്ലാ കളക്ടർ സന്ദർശിച്ചു. പ്ലാസ്റ്റിക്ക്, വിവിധതരം പാഴ് വസ്തുക്കൾ, മുള, ഈറ്റ എന്നിവ കൊണ്ട് നിർമിച്ച കൗശലവസ്തുക്കളാണ് പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയത്.