September 17, 2024

കുട്ടിക്കളിയല്ല അവശ്യ സർവീസുകൾ; 108ലേക്ക് വരുന്ന ഓരോ കാളും വിലപ്പെട്ടത്

Share Now

ഒരു വർഷത്തിനിടയിൽ 108ലേക്ക് ആകെ വന്നത് 9,19,424 കാളുകൾ. ഇതിൽ 5,40,571 കാളുകൾ റോങ് നമ്പർ, മിസ് കാൾ, പ്രാങ്ക് കാളുകൾ ഉൾപ്പടെയുള്ള അനാവശ്യ കാളുകൾ. ഗ്യാസ് ബുക്ക് ചെയ്യുന്നതിനും മൊബൈൽ റീചാർജ് ചെയ്യുന്നതിനും 108ലേക്ക് വിളിച്ചതും നിരവധിപേർ

തിരുവനന്തപുരം: 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വരുന്ന ഓരോ കാളും വളരെ വിലപ്പെട്ടത് ആണ്. ഓരോ അത്യാഹിത കാളും ഓരോ ജീവന്റെ വിലയാണ്. എന്നാൽ ചിലർ നേരംപോക്കിനായി ഈ സേവനം ദുരയുപയോഗം ചെയ്യുന്ന സാഹചര്യമാണ്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ

നോക്കിയാൽ 108ന്റെ കണ്ട്രോൾ റൂമിലേക്ക് ആകെ വന്നത് 9,19,424 കാളുകൾ ആണ്. ഇതിൽ 2,14,956 കാളുകൾ അത്യാഹിതതിൽപ്പെട്ടവർക്കും അടിയന്തിര വൈദ്യസഹായം വേണ്ടവർക്കും ആംബുലൻസ് സേവനം ലഭ്യമാക്കാനായി വന്നപ്പോൾ 2,46,181 കാളുകൾ ഫോൺ വിളിച്ച് മിണ്ടാതെ ഇരിക്കുന്നവരുടേത് ആയിരുന്നു. 108ലേക്ക് വന്ന മിസ് കാളുകളുടെ എണ്ണം 1,69,792 ആണ്. 108 എന്നത് അടിയന്തിര വൈദ്യ സഹായത്തിന് ഉപയോഗിക്കുന്ന സേവനം ആയതിനാൽ ഇത്തരം കാളുകൾ വരുമ്പോൾ തിരികെ വിളിച്ച് ആംബുലൻസ് സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈൽ, ഡിഷ്‌ ടി.വി റീചാർജ് ചെയ്യാനും ഉൾപ്പടെ വന്ന റോങ് നമ്പർ കാളുകൾ 93,858 എണ്ണമാണ്. മാതാപിതാക്കളുടെ ഫോണുകളിൽ നിന്ന് കുട്ടികൾ 108ലേക്ക് വിളിക്കുന്നതും പതിവ് സംഭവമാണ്. 28,622 കാളുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ 108ലേക്ക് വന്നത്. ഇത്തരം സംഭവങ്ങളിൽ ഈ നമ്പറുകളിൽ തിരികെ വിളിക്കുകയും രക്ഷിതാക്കളോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യാറുണ്ട്. 431 കാളുകൾ വനിതാ ജീവനകാരുൾപ്പടെയുള്ള കണ്ട്രോൾ റൂം ജീവനക്കാരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു. മന്ത്രിമാരുടെയും സെലിബ്രിറ്റികളുടെയും ഉൾപ്പടെ പേര് പറഞ്ഞു ഒരു വർഷത്തിനിടയിൽ വന്നത് 1,687 പ്രാങ്ക് കാളുകളാണ്. ഒരു ദിവസത്തെ ശരാശരി കണക്ക് നോക്കിയാൽ 108ലേക്ക് വരുന്ന 3000 കാളുകളിൽ 2000 കാളുകളും അനാവശ്യ കാളുകൾ ആണ്. ഇതിനിടയിൽ പലപ്പോഴും ആവശ്യക്കാർക്ക് സേവനം ലഭ്യമാകാൻ വൈകുന്ന സാഹചര്യം ഉണ്ടാകും. അനാവശ്യ കാളുകൾ വിളിക്കുന്നവർക്ക് 108 എന്ന സേവനത്തിന്റെ ആവശ്യകതയും 108 സേവനം ദുരയുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ എന്താണെന്നും പറഞ്ഞുകൊടുക്കാറുണ്ടെന്നും

തുടർന്നും ഇത്തരം കാളുകൾ വന്നാൽ ആ നമ്പറുകൾ താൽകാലികമായി ബ്ലോക്ക് ആക്കുകയും ഇതിനാൽ പിന്നീട് ഈ നമ്പറുകളിൽ നിന്ന് താത്കാലിക ബ്ലോക്ക് മാറുന്നത് വരെ അടിയന്തിരഘട്ടങ്ങളിൽ പോലും 108ലേക്ക് വിളിക്കാൻ കഴിയാതെ വരുമെന്നും കനിവ് 108 ആംബുലൻസ് സർവീസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമർജൻസി മാനേജ്‌മെന്റ് & റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന ഓപ്പറേഷൻസ് വിഭാഗം മേധാവി ശരവണൻ അരുണാചലം പറഞ്ഞു.

അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ സംസ്ഥാനത്ത് എവിടെ നിന്നും 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ സാധിക്കും. വാഹനാപകടങ്ങൾക്ക് പുറമെ അടിയന്തിര വൈദ്യ സഹായം ആവശ്യമായവർക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാകുന്നതാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗാന്ധി ജയന്തി ദിനത്തിൽ റെഡ്ക്രോസും ബിജെപി വാർഡ് കമ്മിറ്റിയും കോവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു.
Next post മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ്‌ ;അടൂർ പ്രകാശ് എംപി

This article is owned by the Rajas Talkies and copying without permission is prohibited.