ആരാധനാലയങ്ങളിലെ മോഷണ പരമ്പരയിലെ പ്രതിയെ പിടികൂടി. കൊലപാതക ശ്രമം ഉൾപ്പടെ നിവധി കേസിലും ഇയാൾ പ്രതി
കാട്ടാക്കട:കാട്ടാക്കട ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ കവർച്ചയിൽ സംഘത്തിലൊരാളെ കാട്ടാക്കട പോലീസ് പിടികൂടി തെളിവെടുപ്പിന് എത്തിച്ചു.മലപ്പനംകോട് സ്വദേശിയും പെരുങ്കടവിള ചുള്ളിയൂർ,സിന്ധുഭവനിലെ താമസക്കാരനുമായ രാജ്‌കുമാർ 21 ആണ് കാട്ടാകട പോലീസിന്റെ പിടിയിലായത്.പോലീസിന്റെ സ്പെഷ്യൽ സ്‌ക്വഡ് പിടികൂടിയ പ്രതിയെ ആമച്ചൽ ,കട്ടക്കോട് എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി . ഇക്കഴിഞ്ഞ മെയ് 25 നു കാട്ടാക്കട ആമച്ചലില്‍ അമലോത് ഭവ മാതാ ദേവാലയത്തിലും കട്ടക്കോട് സെന്‍റ് അന്‍റണീസ് ദേവാലയത്തിലും, കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് കുരിശടിയിലും ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടിയിലും, മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രത്തിലും ആണ് രാജ്‌കുമാറും സംഘവും മാരകായുധങ്ങളുമായി എത്തി ഒറ്റ രാത്രിയിൽ കവർച്ച നടത്തിയത്. പള്ളികളിൽ നിന്നും കാണിക്കയും വീഞ്ഞും തിരുസ്വരൂപത്തിലെ നോട്ടുമാലയും ഉൾപ്പെടെയാണ് സംഘംകൊണ്ടുപോയത്.
മോഷണം നടന്ന ഇടങ്ങളിൽ എത്തിച്ച പ്രതി അതിക്രമിച്ചു കടന്നതും കവർച്ച ചെയ്ത രീതികളും ഒക്കെ പൊലീസിനോട് പറഞ്ഞു.പള്ളികളിലെ കവർച്ചയും സംഘത്തിൽപ്പെട്ടവരെ കുറിച്ചും ഇയാൾ പറഞ്ഞെങ്കിലും ആമച്ചൽ ക്ഷേത്രത്തിലെ മോഷണശ്രമത്തെ കുറിച്ച് മൊഴി നൽകിയിട്ടില്ല.സംഘത്തിൽപ്പെട്ട മറ്റുള്ളവരെ കൂടി പിടികൂടിയാൽ മാത്രമേ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
സി സി ടി വി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.ഇപ്പോൾ പിടിയിലായ രാജ് കുമാർ കൊലപാതക ശ്രമത്തിനും കഞ്ചാവ് ഉപയോഗിച്ചതിനും ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു . കാട്ടാക്കട ഡി വൈ എസ് പി പ്രശാന്തൻ,ഇൻസ്‌പെക്ടർ ഓഫ് പോലീസ് കിരൺ,സബ് ഇൻസ്‌പെക്ടർ ജയശങ്കർ, ഗ്രേഡ് എസ് ഐ ഹെൻഡേഴ്സൻ , എ എസ് ഐ സുധീഷ്,സി പി ഓ മണികണ്ഠൻ, സുരേഷ്‌കുമാർ, ജയപ്രകാശ്,സ്പെഷ്യൽ സ്‌ക്വഡ് ഓഫീസർ നെവിൻരാജ് ,സുനിലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.