September 12, 2024

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മാതൃക; മന്ത്രി കെ.രാജന്‍

Share Now


ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും മാജിക്ക് അക്കാഡമിയുടെയും ശ്രമങ്ങള്‍ മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും മാജിക്ക് അക്കാഡമിയും ചേര്‍ന്ന് കിന്‍ഫ്ര പാര്‍ക്കിലെ മാജിക്ക് പ്ലാനറ്റില്‍ സംഘടിപ്പിച്ച ‘അവളിടം’ എന്ന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. യുവജനക്ഷേമ ബോര്‍ഡിലെ മുന്‍കാല അംഗമെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആസ്വദിച്ചു. ഇതില്‍ ശ്രീകാന്ത് എന്ന കുട്ടി പാടിയ ‘ശങ്കരാഭരണം’ എന്ന പാട്ടുകേട്ടപ്പോള്‍ തന്റെ കണ്ണില്‍ നിന്നുതിര്‍ന്ന രണ്ടുതുള്ളി കണ്ണുനീരാണ് ഈ ചടങ്ങിന്റെ ഉദ്ഘാടനമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന ട്രെയിനര്‍മാരെ പ്രത്യേകം അഭിനന്ദിച്ച മന്ത്രി കോവിഡിനും പ്രളയത്തിനും മുന്നില്‍ തോല്‍ക്കാത്ത കേരളത്തിന്റെ കരുത്താണ് യുവജനങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇടപെടുന്നതിനും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടും യുവജനക്ഷേമ ബോര്‍ഡ് എല്ലാ പഞ്ചായത്തുകളിലും രൂപീകരിച്ച ‘അവളിടം’ ക്ലബ്ബിലെ അംഗങ്ങളില്‍ നിന്നും ഓരോ ജില്ലയിലെയും രണ്ട് വനിതകളെ വീതം ഉള്‍പെടുത്തി 28 പേര്‍ക്കാണ് 10 ദിവസത്തെ പരിശീലനം നല്‍കിയത്. മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായുള്ള സഹവാസ ക്യാമ്പ് പൂര്‍ത്തിയാക്കിയവര്‍ എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാരുടെ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കും. ഇതിന് പുറമെ ട്രാന്‍സ്ജെന്റേഴ്സിന്റെ ക്ലബ്ബുകളും രൂപീകരിക്കും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

മാജിക്ക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.എം.അന്‍സാരി, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ഷീജ.ബി തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
Next post രണ്ട്പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം

This article is owned by the Rajas Talkies and copying without permission is prohibited.