സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി സന്തോഷം പങ്കുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ് ഡിസ്ചാര്‍ജ് ആയി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെപി ജയകുമാറുമായും സൂപ്രണ്ട് ഡോ. ടികെ ജയകുമാറുമായും സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവുമായും മറ്റ് ടീം അംഗങ്ങളുമായും മന്ത്രി സംസാരിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുന്നതാണ്. കോഴിക്കോടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പിന്തുണച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു.
ഫെബ്രുവരി 14നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സുബീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അന്നേ ദിവസം മന്ത്രി വീണാ ജോര്‍ജ് ആശുപത്രിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചിരുന്നു. പിറ്റേന്ന് വീഡിയോ കോള്‍ വഴി മന്ത്രി സുബീഷുമായും പ്രവിജയുമായും സംസാരിച്ചിരുന്നു. രണ്ടാഴ്ചയേറെ കാലമുള്ള വിദഗ്ധ പരിചരണത്തിന് ശേഷമാണ് സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തത്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നിരന്തരം ചര്‍ച്ചകളും ഇടപെടലുകളും നടത്തിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. 2021 ആഗസ്റ്റിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് ലൈസന്‍സ് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് രോഗികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിനായി കര്‍മ്മപദ്ധതി തയ്യാറാക്കി മുന്നോട്ടു പോവുകയാണ്. ജീവനക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടീം അംഗങ്ങളെ മെഡിക്കല്‍ കോളേജിലെത്തി മന്ത്രി നേരിട്ടു കണ്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്ലാന്റഷന് മാത്രമായി സമര്‍പ്പിത യൂണിറ്റ് സജ്ജമാക്കുക എന്നതാണ് ലക്ഷ്യം.