September 17, 2024

ഭര്‍ത്താവിന്‍റെ അവയവദാനത്തിന് സ്വയം സന്നദ്ധയായ യുവതിയുടെ കാല്‍തൊട്ടുവന്ദിച്ച് ഡോ ഈശ്വര്‍

Share Now


തിരുവനന്തപുരം: ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്കമരണ സ്ഥിരീകരണത്തില്‍ പങ്കാളിയായ ഡോ എച്ച് വി ഈശ്വറിന് ജെലീനയുടെ നിലപാടിനുമുന്നില്‍ ശിരസുനമിക്കാതിരിക്കാനായില്ല. വെറും 31 വയസുമാത്രം പ്രായമുള്ള തന്‍റെ ഭര്‍ത്താവിന്‍റെ വിയോഗം ജെലീനയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ജീവിതവഴിയില്‍ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുമകളെയും കൊണ്ട് ജെറിയുടെ അച്ഛനമ്മമാര്‍ അടക്കമുള്ള ബന്ധുക്കളോടൊപ്പം നില്‍ക്കുമ്പോഴാണ് ഡോ ഈശ്വര്‍ അവിടേയ്ക്കെത്തുന്നത്.

അപകടത്തില്‍ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചതിനാല്‍ ജെറിയ്ക്കിനി ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാവില്ലെന്ന് ഉറപ്പായിരുന്നു. “തന്‍റെ മകനെ രണ്ടുദിവസം കൂടി മെഷീനില്‍ വച്ചേക്കണം. അവന്‍ തിരിച്ചുവരും” എന്നായിരുന്നു ഡോക്ടറെ കണ്ടയുടന്‍ ജെറിയുടെ അമ്മയുടെ പ്രതികരണം. എന്തുപറയണമെന്നറിയാതെ കുഴങ്ങിയ ഡോക്ടര്‍ ജെറിയുടെ നില വളരെ ഗുരുതരമാണ്. രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ എങ്ങനെയെന്നു പറയാനാവില്ലെന്ന മറുപടി നല്‍കി. ഇതുകേട്ടുനിന്ന ജെലീനയുടെ പറഞ്ഞു.” എനിക്കറിയാം ഡോക്ടര്‍. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്‍റെ മകളുടെ അച്ഛന്‍റെ ശരീരത്തിന്‍റെ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു.”


30 വയസുപോലും തികയാത്ത അവരുടെ നിലപാട് ദൃഢമായിരുന്നു. ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ച ഇതുവരെ ഇങ്ങനൊരു നിലപാടെടുത്ത ബന്ധുക്കളെ താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒരു മാനസികാവസ്ഥയിലും അവരെടുത്ത തീരുമാനത്തെ കാല്‍തൊട്ടുവന്ദിച്ചാണ് ഡോ ഈശ്വര്‍ അഭിനന്ദിച്ചത്. ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവിയായ ഡോ ഈശ്വറിന് രോഗികളുടെ മരണം പുതിയ അനുഭവമല്ലെങ്കിലും ദുഃഖം ഉള്ളിലൊതുക്കി ആ യുവതിയെടുത്ത നിലപാടിനുമുന്നില്‍ തന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയെന്നും ഡോ ഈശ്വര്‍ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മയക്കുമരുന്ന് ലഹരിയിൽ എം.ഡി.എം.എയുമായി നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ
Next post ജെറി വര്‍ഗീസിന്‍റെ ജീവിതം ഇനി ആ അഞ്ചുപേരിലൂടെ

This article is owned by the Rajas Talkies and copying without permission is prohibited.