കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.
കണ്ടല:
സഹകരണ റെജിട്രാർ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.
മകളുടെ വിവാഹം, മകൻ്റെ വിദ്യാഭ്യാസം, ചെറുമക്കളുടെ ഭാവി സുരക്ഷ, ഭവന നിർമ്മാണം ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി മിച്ചം പിടിച്ചും പണയം വച്ചും, പെൻഷൻ തുകയിൽ നിന്നുമുൾപ്പടെ സ്വരുക്കൂട്ടിയ പണം കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർ കാലാവധി പൂർത്തിയാക്കിയ പണം പിൻവലിക്കാനാവാതെ സമരം നടത്തേണ്ട അവസ്ഥയിലാണ്.
പണം പിൻവലിക്കാൻ കണ്ടല ബാങ്കിലെത്തിയാൽ ഒഴിവുകഴിവുകൾ പറഞ്ഞു മടക്കി അയക്കുന്നത് പതിവാകുന്നു.ചിട്ടി തുകകളും വായ്പകളും മുടങ്ങിയ കാരണം പണമില്ല എന്നും, സർക്കാർ ചതിച്ചെന്ന് വിലാപവും വ്യാജ പ്രചരണം കാരണം ചിട്ടി പിടിച്ചവർ ഉള്പ്പെടെ പണം അടക്കുന്നില്ല എന്നും തുടങ്ങി പല്ലവികൾ പലതും പറഞ്ഞു കേട്ടു ഒടുവിൽ പണം കിട്ടിയേ തീരൂ എന്ന് പറയുന്നവരോട് എന്നാ കേസ് കൊട് കോടതി വഴി വാങ്ങാൻ പറഞ്ഞു ഭീഷണി ഒക്കെയാണ് അധികൃതർ ചെയ്യുന്നത്. ഏതാവശ്യത്തിനുവേണ്ടി നിക്ഷേപിച്ചോ ആ ആവശ്യങ്ങൾ ഒക്കെ മുടങ്ങി സഹികെട്ട നൂറോളം പേരാണ് ഇന്ന് പ്രധാന ശാഖയുടെ മുന്നിൽ സമരം ആരംഭിച്ചത്. പലരും മുതിർന്ന പൗരൻമാർ, മരുന്നോ, മരുന്നിൻ്റെ നീണ്ട കുറിപ്പടിയോ കയ്യിൽ കരുതിയവർ, പെൻഷൻ പണം വരെ വാങ്ങി ബാങ്കിൽ നിക്ഷേപിച്ചവർ. നിക്ഷേപകർ ഓരോരുത്തരും സഹകരണ രജിസ്ട്രാർ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും നിരാശരയവരാണ്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ അന്വേഷണത്തിനായി താഴെത്തട്ടിലേക്ക് ഫയൽ അയക്കുമ്പോൾ അത് കാട്ടാക്കട റെജിസ്ട്രാരുടെ മുന്നിൽ വന്ന് അവസാനിക്കുന്നു എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. സർക്കാരിൻ്റെ ഫലപ്രദമായ യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല എന്നും അവർ പറയുന്നു.അതെ സമയം ധർണ്ണ നടക്കുന്നു എന്ന് മുൻകൂട്ടി അറിഞ്ഞ ബാങ്ക് അധികൃതർ ബാങ്കിന് മുന്നിലായി കേരള സർക്കാരിനെ പഴിച്ചു കൊണ്ട് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ബിഎസ്എൻഎൽ സൊസൈറ്റിയിലും, കരുവന്നൂർ ബാങ്കിലും ചെയ്തത് പോലെ അടിയന്തിര നടപടികൾ സ്വീകരിച്ചുകൊണ്ട് നിക്ഷേപകർക്ക് എത്രയും വേഗം പണം നൽകാൻ സർക്കാർ തയ്യാറാകണം എന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഇവിടെ കൂടിയവർ പറയുന്നു.
അത്യാവശ്യത്തിന് പണം പിൻവലിക്കാൻ എത്തുമ്പോൾ സമാധാനപ്പെടുത്തിയാൽ തങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണാൻ കഴിയുമോ തങ്ങളുടെ വിശപ്പു മാറുമോ, സമാധാനം കൊണ്ട് മക്കളുടെ വിദ്യാഭ്യാസം നടക്കുമോ, പണം കൊടുക്കാനുള്ളവർ സമാധാനപ്പെടുമോ, മറ്റു വായ്പകൾ എടുത്തിട്ടുള്ളവരുടെ ബാങ്കുകൾ സഹിക്കുമോ, പെട്രോൾ പമ്പിൽ പോയി സമാധാനം പറഞ്ഞാൽ പെട്രോൾ ലഭിക്കുമോ ഇതൊക്കെയാണ് നിക്ഷേപകരുടെ ചോദ്യങ്ങൾ.അതുപോലെ പ്രസിഡൻ്റ് ഒഴികെ ഭരണ സമിതി അംഗങ്ങളെ മുഴുവൻ മാറ്റി പുതിയ തെരഞ്ഞെടുപ്പ് വന്നപ്പോൾ പുതിയ ആളുകളെ വച്ച് വീണ്ടും അധികാരം തുടരുന്ന
ബാങ്ക് പ്രസിഡൻ്റ് ഭാസുരാംഗൻ്റെ സ്വത്ത് സമ്പാദനത്തിൻ്റെ ഉറവിടം, 103 കോടിയുടെ അഴിമതി, അനധികൃത നിയമനങ്ങൾ, ബാങ്കിലെ നിക്ഷേപങ്ങളുടെ വിവരങ്ങൾ എന്നിവയിൽ സമഗ്രമായ അന്വേഷണം വേണമെന്നു കൂടിയാണ് സമരസമിതി അംഗങ്ങൾ ആവശ്യപ്പെടുന്നത്. സിപിഐ, സിപിഎം, കോൺഗ്രസ്, ബിജെപി ജില്ലാ ഘടകങ്ങൾക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ബിജെപിയിലെ ഒരു നേതാവ് മാത്രമാണ് പങ്കെടുത്തതും നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതും. സമരം കൂടുതൽ ശക്തമാക്കുമെന്നും കിട്ടാനുള്ള പണം വാങ്ങാൻ ഏതറ്റം വരെയും നിയമനടപടിയുമായി പോകുമെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു. അനിശ്ചിത കാലം ആണ് സമര പ്രഖ്യാപനം എങ്കിലും ഒരാഴ്ചക്കുള്ളിൽ പരിഹരിക്കാം എന്ന് സമരസമിതി നേതാക്കളുമായി നടന്ന ചർച്ചയിൽ നൽകിയ ഉറപ്പിൽ ഇതിന് ശേഷം ആകും തുടർ പരിപാടികൾ എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.