വനം വകുപ്പ് ഉദ്യോഗസ്ഥയുടെ പാമ്പു പിടിത്തം കണ്ടു അതിശയച്ചു നാട്ടുകാർ
കാട്ടാക്കട
പാമ്പിനെ കൈയിൽ കിട്ടിയാൽ ചാക്കിലാക്കാൻ പരമാവധി സമയം ഒന്നര മിനിറ്റ് .ബുധനാഴ്ച ഉച്ചയോടെയാണ് വെള്ളനാട് പുനലാൽ ഐസഖിന്റെ വീട്ടു വളപ്പിൽ ഭീതിപരത്തിയ പാമ്പിനെ പരുത്തിപ്പള്ളി വനം വകുപ്പ് റാപിഡ് റെസ്‌പൊൺസ് ടീം അംഗവും ഫോറെസ്റ് ബീറ്റ് ഓഫീസറുമായ രോഷ്നി ജി എസ് നിമിഷനേരം കൊണ്ട് പ്രത്യേക ചാക്കിലാക്കിയത്. ഉച്ചയോടടുത്താണ് വനം വകുപ്പിന് വിളിയെത്തിയത്.തുടർന്ന് റോഷിനി അതിവേഗം സ്ഥലത്തെത്തി.ആള് കൂടിയതോടെ പുരയിടത്തിലെ മൺ പൊത്തിൽ ഒളിച്ച മൂർഖനെ വനം വകുപ്പ് നിഷ്കര്ഷിച്ചിരിക്കുന്ന ശാസ്ത്രീയമായ രീതിയിൽ തന്നെ റോഷിനി പിടികൂടി പ്രത്യേക കൂട്ടിലേക്ക് കയറ്റി വനം വകുപ്പ് പരുത്തിപ്പളളി ആസ്ഥാനത്തു എത്തിച്ചു.
പൊത്തിൽ ഒളിച്ച പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പൊത്തിന്റെ ചുറ്റും മണ്ണ് മാറ്റി ശേഷം സ്നേക്ക് ഹുക്ക് സ്റ്റിക്ക് എടുത്ത് പാമ്പിനെ പുറത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയും പുറത്തേക്ക് ഇഴഞ്ഞു നീങ്ങിയ പാമ്പിൻറെ പുറകെയെത്തി വാലിൽ പിടിത്തമിട്ടു തുടർന്ന് സ്നേക്ക് ഹുക്ക് കൊണ്ട് പാമ്പിനെ നിയന്ത്രിക്കുകയും നേരത്തെ പൊത്തിനു സമാനമായ രീതിയിൽ സ്ഥലത്തു തയാറാക്കിയ പ്രത്യേക സഞ്ചിക്ക് അരുകിലെത്തിക്കുകയും പാമ്പിനെ ഇതിനുള്ളിലേക്ക് കയറ്റി വിടുകയും ചെയ്തു.ഇതോടെ സേനക്ക് ഹുക്ക് കൊണ്ട് സഞ്ചിയുടെ വായ്ത്തല അടച്ചു പിടിച്ചു സഞ്ചി ചേർത്ത് കെട്ടി.ഇതെല്ലം ഒന്നര മിനിറ്റിൽ കഴിഞ്ഞു.
വിതുരയിൽ നിന്നും കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു പാമ്പിനെ പിടികൂടിയിരുന്നു. ഈ രീതിയിൽ പൈത്തോൺ ഉൾപ്പടെ വലിയ പാമ്പുകളെ പിടികൂടാൻ ഒരുപക്ഷെ രണ്ടര മുതൽ മൂന്നു മിനിട്ടുവരെ സമയം എടുത്തേക്കാം.ശാസ്ത്രീയമായി പാമ്പുപിടിത്തം അഭ്യസിച്ചവർക്ക് മാത്രമേ ഇത്തരത്തിൽ കഴിയുകയുള്ളു എന്നും ഇങ്ങനെയാണ് അപകടകാരിയായ പാമ്പിനെ പിടിക്കേണ്ടത് എന്ന് വനം വകുപ്പ് പറയുന്നത് എന്നും രോഷ്നി പറഞ്ഞു. പാമ്പുകളെ കൂടാതെ മരപ്പട്ടി,മ്ലാവ്,കാട്ടുപോത്തു,തുടങ്ങി ഏതു ജന്തുവിനെ പിടിക്കാനും ചിലവയെ തുരത്തി കാട്ടിലേക്ക് മടക്കാനും ഒക്കെ രോഷ്നിയുംസംഘവും എത്തും .
രണ്ടായിരത്തി പതിനേഴിൽ വനം വകുപ്പിൽ ജോലിക്ക് കയറിയ രോഷ്നി രണ്ടായിരത്തി പത്തൊൻപതിൽ ആണ് പാമ്പു പിടിത്തം അഭ്യസിച്ചത്. എക്കോ ടൂറിസത്തിൽ ആയിരുന്നു ആദ്യം ചുമതല. ശേഷം മൂന്നു മാസം മുൻപാണ് തിരുവനന്തപുരം റാപിഡ് റെസ്പോൺസ് ടീം അംഗമായി പരുത്തിപ്പള്ളിയിൽ എത്തിയത്. .അണലി ഉൾപ്പടെ ചുരുക്കം ചില പാമ്പുകളെയെ പിടിച്ചിട്ടുള്ളു എങ്കിലും പാമ്പുകളുടെ മറ്റു ഭാഗങ്ങളിൽ സ്പർശിക്കാതെ അവയെ വേദനിപ്പിക്കാതെ നമ്മുടെയും പാമ്പിനെയും സുരക്ഷ മുന്നിര്ത്തി ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ ഇവയെ പിടിക്കാൻ പാടുള്ളു എന്ന് റോഷിനി പറയുന്നു അതും വനം വകുപ്പിന്റെ അംഗീകൃത ലൈസൻസ് നേടിയവർ മാത്രം എന്നും രോഷ്നി ഓർമിപ്പിച്ചു. വേനൽ കാലവും ഒപ്പം പാമ്പുകളുടെ പ്രജനന കാലവുമാണ് ഇപ്പോൾ.ഈ സാഹചര്യത്തിൽ നാട്ടിൻ പ്രദേശങ്ങളിൽ ധാരാളം പാമ്പുകൾ എത്തുന്നുണ്ട്.ഇവയെ കണ്ടാൽ ഉപദ്രവിക്കാൻ ശ്രമിക്കാതെ ഉടൻ തന്നെ വനം വകുപ്പിന്റെ അറിയിച്ചാൽ വനം ഉദ്യോഗസ്ഥരോ ഇവർ നിയോഗിക്കുന്ന പാമ്പ് പിടിത്തക്കാരോ സ്ഥലത്തെത്തി ഇവയെ പിടികൂടി കൊണ്ടുപോകും.അതേ സമയം ഏതെങ്കിലും രീതിയിൽ പാമ്പുകളെ മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്‌താൽ 3 മുതൽ 7 വർഷം വരെ തടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.പൊതു ജനങ്ങൾക്ക് വിവരം അറിയിക്കാൻ (Snake Awareness Rescue and Protection App) SARPA എന്ന ആപ്പും വനം വകുപ്പിന്റേതായി ഉണ്ട് എന്ന് എസ് എഫ് ഓ ഗംഗാധരൻ കാണിയും പറഞ്ഞു.ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് ദൂരദർശനിലും ,ആൾ ഇന്ത്യ റേഡിയോയിലും പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള രോഷ്നി സാമൂഹ്യ മാധ്യമങ്ങളിൽ റീൽസ് ഉൾപ്പടെയുള്ളവയിലും ഇടവേളകിൽ തന്റെ കലാപരമായ കഴിവുകളും പ്രകടിപ്പിക്കുണ്ട്.സർക്കാർ അനുമതിയോടെ ഔദ്യോഗീക ജോലികൾക്ക് തടസ്സമില്ലാതെ ദൂരദർശനിൽ ചില പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. ആര്യനാട് കുളപ്പട സരോവരത്തിൽ സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ സജിത്ത് കുമാർ എസ് എസ് ആണ് രോഷ്നിയുടെ ഭർത്താവ്.മക്കൾ ദേവ നാരായണൻ,സൂര്യനാരായണൻ .