മുഖം വികൃതമാക്കാൻ വീട്ടമ്മക്ക് നേരെ ആസിഡ് ആക്രമണം.പ്രതി പിടിയിൽ
വിളപ്പിൽശാല ∙ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കാൻ ശ്രമിച്ചതിനു യുവതിക്കൊപ്പം കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം ചൊവ്വള്ളൂർ പള്ളിവിള പുത്തൻവീട്ടിൽ പി.ടി.ബിജുവിനെ ( 38) നെയാണ് അറസ്റ്റ് ചെയ്തത് .ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞിരുന്ന ഇവർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉടലെടുത്തതാണു ആസിഡ് ആക്രമണത്തിൽ കലാശിച്ചത്.
ശാസ്തമംഗലം മരുതുംകുഴി സ്വദേശിനിയുടെ നേരെയാണ് കഴിഞ്ഞ ദിവസം ബിജു ആസിഡ് ആക്രമണം നടത്തിയത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി മക്കളുമായി ബിജുവിനൊപ്പം കഴിഞ്ഞിരുന്നത്. കുറച്ച് ദിവസം മുൻപ് ബിജുവുമായി അസ്വാരസ്യത്തെത്തുടർന്നു യുവതി മക്കളെയും കൊണ്ടു മരുതുംകുഴിയിലെ വീട്ടിലേക്ക് പോയിരുന്നു . ബുധനാഴ്ച ആഭരണങ്ങളും വീട്ടുസാധനങ്ങളും നൽകാമെന്ന പറഞ്ഞു യുവതിയെ ചൊവ്വള്ളൂരിലെ വീട്ടിലേക്ക് ബിജു വിളിച്ചുവരുത്തുകയും ഇവിടെവച്ചു ക്രൂരമായി മർദിക്കുകയും റബർഷീറ്റ് തയാറാക്കാൻ ഉപയോഗിക്കുന്ന ആസിഡ് ശരീരത്തിൽ ഒഴിക്കുകയും ചെയ്തു. കുടുംബപ്രശ്നങ്ങളാണു ആക്രമണത്തിന് പിന്നിൽ. ഭാര്യയുടെ മുഖം വികൃതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ആസിഡ് ഒഴിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ പാലക്കാട് നിന്നാണ് വിളപ്പിൽശാല ഇൻസ്പെക്ടർ ഓഫ് പോലീസ് അനീഷ് കരീം, എസ്ഐ വി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കും.